സര്‍വകക്ഷി സംഘത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനമില്ല ; പ്രധാനമന്ത്രിക്ക് അതൃപ്തി, നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക മോദി കൈമാറി

കഞ്ചിക്കോട് കോച്ച് ഫാക്ടറി 2012 ല്‍ അനുമതി നല്‍കിയ പദ്ധതിയാണ്. അത് എന്തുകൊണ്ട് ഇതുവരെ നടപ്പാക്കിയില്ലെന്ന് പ്രധാനമന്ത്രി
സര്‍വകക്ഷി സംഘത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനമില്ല ; പ്രധാനമന്ത്രിക്ക് അതൃപ്തി, നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക മോദി കൈമാറി

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്രഫണ്ട് കിട്ടിയിട്ടും സംസ്ഥാനം നടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടിക നരേന്ദ്രമോദി മുഖ്യമന്ത്രിക്ക് കൈമാറി. 

കഞ്ചിക്കോട് കോച്ച് ഫാക്ടറി 2012 ല്‍ അനുമതി നല്‍കിയ പദ്ധതിയാണ്. അത് എന്തുകൊണ്ട് ഇതുവരെ നടപ്പാക്കിയില്ലെന്ന് പ്രധാനമന്ത്രി ചോദിച്ചു. പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ എന്തുകൊണ്ട് അന്നത്തെ സര്‍ക്കാരിനെക്കൊണ്ട് അത് നടപ്പാക്കിച്ചില്ലെന്ന് പ്രധാനമന്ത്രി ചോദിച്ചു. ചില പദ്ധതികള്‍ക്ക് തറക്കല്ലിടും... തുടങ്ങിയ പ്രതികരണങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്. 

കേരളം ഉന്നയിച്ച ഏഴ് ആവശ്യങ്ങളോടും കൃത്യമായും വ്യക്തമായും പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. ചില ആവശ്യങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം നരേന്ദ്രമോദി തള്ളി. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തില്‍ കേരളത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന് മോദി അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും പ്രധാനമന്ത്രി വ്യക്തമായ ഉറപ്പ് നല്‍കിയില്ല. 

കരിപ്പൂര്‍ വിമാനത്താവള വികസനം, ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യ വല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ സര്‍വകക്ഷി സംഘത്തിന്റെ ആവശ്യത്തോട് പ്രധാനമന്ത്രി വ്യക്തമായ ഉത്തരം പറഞ്ഞില്ല. അതേസമയം കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രധാനമന്ത്രി അറിയിച്ചു. ശബരിപാതയുടെ കാര്യത്തില്‍ സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ പാതയുമായി മുന്നോട്ടുപോകുന്നകാര്യം പരിഗണിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചര്‍ച്ച കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com