സിബിഐ വരുമ്പോള്‍ സിപിഎം ഉന്നതര്‍ കുടുങ്ങുമെന്ന് കെ സുധാകരന്‍

സിബിഐ വരുമ്പോള്‍ സിപിഎം ഉന്നതര്‍ കുടുങ്ങുമെന്ന് കെ സുധാകരന്‍

ശുഹൈബിന്റെ കൊലപാതകം കണ്ണൂരിലെ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്. സിബിഐ അന്വേഷണം വരുന്നതോടെ ചില ഉന്നതര്‍ കുടുങ്ങുമെന്നും സുധാകരന്‍

കണ്ണൂര്‍: മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി ആശ്വാസകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. സിപിഎം നേതൃത്വത്തിന് അന്വേഷണത്തില്‍ നിന്ന് പലതും ഒളിക്കാനുള്ളതുകൊണ്ടായിരുന്നു സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നും കെ  സുധാകരന്‍ പറഞ്ഞു. 

ശുഹൈബിന്റെ കൊലപാതകം കണ്ണൂരിലെ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്. സിബിഐ അന്വേഷണം വരുന്നതോടെ ചില ഉന്നതര്‍ കുടുങ്ങുമെന്നും സുധാകരന്‍ പറഞ്ഞു. കേസ് അന്വേഷണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മറ്റ് ഏജന്‍സികള്‍ അന്വേഷിക്കുന്നതിനായി എത്തുന്നതിനെ എന്തിനാണ് ഭയപ്പെടുന്നത്. മകന്‍ നഷ്ടപ്പെട്ട ഉമ്മയുടെയും ബാപ്പയുടെയും ആഗ്രഹമായിരുന്നു കേസ് സിബിഐ അന്വേഷിക്കണമെന്നത്. ആ ആഗ്രഹത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ സര്‍ക്കാര്‍ അധികാരം കൊണ്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. 

സത്യം തെളിയിക്കാന്‍ ജ്യുഡിഷ്യറിക്ക് കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ഉത്തരവ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഡമ്മി പ്രതികളെ ഹാജരാക്കി ഉന്നതര്‍ രക്ഷപ്പെടുന്ന പ്രവണതയ്ക്ക് കുറവുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. കേസില്‍ സിപിഎമ്മിന് ഒളിക്കാനുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായതിനാലാണ് കോടതിയെ സമിപിച്ചത്. കേസില്‍ പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തിയെങ്കില്‍ സര്‍ക്കാരിന് കോടതിയില്‍ ഇത്രയേറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com