'ഇനിയും ഞങ്ങളെ അവഹേളിക്കരുത്,  ഒരു നാട് കത്തിക്കരുത്' തളിപ്പറമ്പ് എംഎൽഎ കേരളത്തോട് പറയുന്നു

കേരളമാകെ കീഴാറ്റൂരിലേക്കല്ല. ഇനിയും ഞങ്ങളെ അവഹേളിക്കരുത്,  ഒരു നാട് കത്തിക്കരുത് എന്നാണ് കീഴാറ്റൂര്‍കാര്‍ക്കും തളിപ്പറമ്പുകാര്‍ക്കും കേരളത്തോട് പറയാനുള്ളത്- ജയിംസ് മാത്യൂ
'ഇനിയും ഞങ്ങളെ അവഹേളിക്കരുത്,  ഒരു നാട് കത്തിക്കരുത്' തളിപ്പറമ്പ് എംഎൽഎ കേരളത്തോട് പറയുന്നു

കണ്ണൂര്‍:  കീഴാറ്റൂരിലെ ഒരു കിലോമീറ്റര്‍ വയല്‍ മാത്രം പരിരക്ഷിച്ച് പരിഹരിക്കരിക്കാവുന്നതാണോ കേരളത്തിലെ പരിസ്ഥിതി പ്രശ്‌നമെന്ന് ജയിംസ് മാത്യൂ എംഎല്‍എ. ബൈപ്പാസ് പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനോ തളിപ്പറമ്പ് എംഎല്‍എയെന്ന നിലയില്‍ തനിക്കോ ഒരു പിടിവാശിയുമില്ല. അലൈന്‍മെന്റ് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനുമാണ്. എലിവേറ്റഡ് ഹൈവേയോ പുതിയ അലൈന്‍മെന്റോഎന്തുവേണമെന്ന് അവര്‍ക്കു തീരുമാനിക്കാം. ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കേണ്ടത് ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ ചുമതലയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതുപോലെ ദേശീയപാത ഉള്‍പ്പെടെയുള്ള വികസനപദ്ധതികളുടെ കാര്യത്തില്‍ നിസ്സംഗരായിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സമരത്തിന് ഭൂവുടമകളുടെയും പ്രദേശവാസികളുടെയും പിന്തുണ ഇല്ലാതായതോടെ പരിസ്ഥിതി പ്രശ്‌നമാണ് തങ്ങള്‍ ഉയിക്കുന്നതെന്ന വാദഗതിയാണ് കീഴാറ്റൂര്‍ സമരക്കാര്‍ ഉന്നയിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നമാണ് മുഖ്യവിഷയമെങ്കില്‍ കീഴാറ്റൂരിലെ ഒരു കിലോമീറ്റര്‍ മാത്രം പരിരക്ഷിച്ചു കൊണ്ട് പരിഹരിക്കാനാവുമോ. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കൊല്ലം, തിരുവനന്തപുരം ബൈപ്പാസുകള്‍ക്കും പ്രവൃത്തി ആരംഭിക്കാനിരിക്കുന്ന ആലപ്പുഴ ബൈപ്പാസിനും നിലവിലുള്ള രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കാന്‍ തീരുമാനിച്ചിട്ടുള്ള കോഴിക്കോട് ബൈപ്പാസിനും പാരിസ്ഥിതിക ആഘാതമില്ലാതെ പരിഹാരം ഈ സമരക്കാരെ പിന്തുണക്കുവര്‍ക്ക് മുന്നോട്ടു വയ്ക്കാനുണ്ടോ. ചങ്ങനാശ്ശേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെ പൂര്‍ത്തിയായ ബൈപ്പാസുകള്‍ നമുക്ക് നഷ്ടമാക്കിയ വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും കുറിച്ച് ഇവര്‍ക്ക് എന്താണ് പറയാനുളളത്?  

കീഴാറ്റൂരിലെ റോഡ് പ്രശ്‌നത്തെ പര്‍വതീകരിക്കുന്ന കപട പരിസ്ഥിതി വാദികള്‍ 2008 ലെ തണ്ണീര്‍ത്തട- വയല്‍ നികത്തല്‍ നിരോധന നിയമം കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നുവെന്ന് അറിയണം. അതില്‍ വെള്ളം ചേര്‍ക്കാനും ഡാറ്റാ ബാങ്കില്‍ കൃത്രിമം നടത്തുവര്‍ക്ക് ഒത്താശ ചെയ്യാനുമാണ് യുഡിഎഫ് ഗവണ്‍മെന്റ് ശ്രമിച്ചത്. എന്നാല്‍ അത്തരം പഴുതുകളെല്ലാം അടച്ച് തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കാനുള്ള ശക്തമായ നിലപാടാണ് ഇപ്പോള്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മൂല നിയമത്തില്‍ തന്നെ പൊതു ആവശ്യത്തിനു വേണ്ടി സര്‍ക്കാറിന് ഇതില്‍ മാറ്റം വരുത്തി തീരുമാനമെടുക്കാമെന്ന്  വ്യക്തമാക്കിയിട്ടുള്ളതാണ്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് ഇത്തരത്തില്‍ ധീരോദാത്ത  തീരുമാനമെടുക്കാന്‍ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും നാളിതുവരെ ചിന്തിച്ചിട്ടുപോലുമില്ല. 

വികസന കാര്യത്തില്‍ എല്‍ഡിഎഫിനും കേരള സര്‍ക്കാറിനും തുറന്ന സമീപനമാണുള്ളത്.  ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ച് യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് വികസനം ഉറപ്പാക്കുകയാണ് ഗവണ്‍മെന്റ് സമീപനം. 37 വര്‍ഷമായി മുടങ്ങി ക്കിടക്കുന്ന മുഴുപ്പിലങ്ങാട്- മാഹി ബൈപ്പാസും കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബൈപ്പാസുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന പ്രകടന പത്രിക മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അത് ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

കീഴാറ്റൂരിലെ പ്രശ്‌നം യാഥാര്‍ഥ്യ ബോധത്തോടെ കാണാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പരിസ്ഥിതിസംരക്ഷകരും മാധ്യമസുഹൃത്തുക്കളും തയ്യാറാവണം. കേരളമാകെ കീഴാറ്റൂരിലേക്കല്ല. ഇനിയും ഞങ്ങളെ അവഹേളിക്കരുത്,  ഒരു നാട് കത്തിക്കരുത് എന്നാണ് കീഴാറ്റൂര്‍കാര്‍ക്കും തളിപ്പറമ്പുകാര്‍ക്കും കേരളത്തോട് പറയാനുള്ളത്- ജയിംസ് മാത്യൂ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com