കീഴാറ്റൂരില്‍ സംഘര്‍ഷത്തിനില്ല ; മേല്‍പ്പാത അടക്കമുള്ള ബദല്‍ സാധ്യത തേടുമെന്ന് സിപിഎം 

ബദല്‍ സാധ്യതകള്‍ സര്‍ക്കാരും സിപിഎമ്മും ഗൗരവമായാണ് കാണുന്നത്
കീഴാറ്റൂരില്‍ സംഘര്‍ഷത്തിനില്ല ; മേല്‍പ്പാത അടക്കമുള്ള ബദല്‍ സാധ്യത തേടുമെന്ന് സിപിഎം 

കണ്ണൂര്‍ : കീഴാറ്റൂരില്‍ സംഘര്‍ഷത്തിനില്ലെന്ന് സിപിഎം. മേല്‍പ്പാത അടക്കമുള്ള ബദല്‍ സാധ്യത തേടുമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍. ബദല്‍ സാധ്യതകള്‍ സര്‍ക്കാരും സിപിഎമ്മും ഗൗരവമായാണ് കാണുന്നത്.  കീഴാറ്റൂരില്‍ സംഘര്‍ഷമില്ലാതെ നോക്കേണ്ടത് സര്‍ക്കാരാണ്. വിഷയത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ക്യാംപെയ്ന്‍ മാത്രമേ സിപിഎം ലക്ഷ്യമിടുന്നുള്ളൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

കീഴാറ്റൂല്‍ സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മേഖലയാണ്. ഇവിടെ കടന്നുകയറി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സമരം. ഇതിനാണ് ബിജെപി, കോണ്‍ഗ്രസ്, എസ്ഡിപിഐ തുടങ്ങി വിവിധ സംഘടനകള്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വിള്ളലുണഅടാക്കാനാണ് ഇവരുടെ ലക്ഷ്യം. 

കീഴാറ്റൂരിലേത് വികസനവുമായി ബന്ധപ്പെട്ട വിഷയമാണ്. കൃഷിക്കാരുടെ പ്രശ്‌നമാണെന്ന് പറയാന്‍ കഴിയില്ല. 56 ആളുകളുടെയും സമ്മത പത്രം ലഭിച്ചു കഴിഞ്ഞു. നാമമാത്രമായ ആളുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ കൂടെ കൂട്ടി വികസനത്തെ പാരവെക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞ രീതിയില്‍ ബൈപ്പാസ് - നാലു വരിപ്പാതയും പറ്റാവുന്ന സ്ഥലത്ത് ആറുവരി പാതയും നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ വികസന പ്രവര്‍ത്തനത്തെ രാഷ്ട്രീയമായ തലത്തിലേക്ക് മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. തണ്ണീര്‍ത്തടം തകര്‍ക്കുന്നു എന്നാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്ന ആക്ഷേപം. തണ്ണീര്‍ത്തടം തകര്‍ക്കാതെ റോഡും എലിവേറ്റഡ് ഹൈവേയും നിര്‍മ്മിക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com