

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി റിപ്പോര്‍ട്ട്. എസ്പിയെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തെത്തിയേക്കുമെന്ന ആശങ്കയാണ് സമ്മര്‍ദത്തിന് പിന്നിലെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പ്രതികളായ ആര്‍ടിഎഫിന്റെ ചുമതലയുള്ള മുന്‍ റൂറല്‍ എസ്പിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ മുന്‍ എസ്പിയെ ചോദ്യം ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെയും അന്വേഷണസംഘത്തിന് അനുമതി നല്‍കിയിട്ടില്ല.
കസ്റ്റഡി മരണത്തിനു വഴിയൊരുക്കിയ സാഹചര്യം സൃഷ്ടിച്ചത് റൂറല്‍ എസ്പിയുടെ കാര്യക്ഷമതക്കുറവാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. എസ്പിക്കെതിരെ കേസില്‍ പ്രതികളായ പറവൂര്‍ സിആയും വരാപ്പുഴ എസ്‌ഐയും ആര്‍ടിഎഫുകാരും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനാകാത്ത സ്ഥിതിയിലാണ് ക്രൈംബ്രാഞ്ച് സംഘം. കൊലക്കുറ്റം ചുമത്തപ്പെട്ട മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിഡിയോ സംഭാഷണത്തിലും പ്രതികളെ പിടികൂടാന്‍ മേലുദ്യോഗസ്ഥര്‍ നടത്തിയ സമ്മര്‍ദത്തെക്കുറിച്ചും അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച അനുമോദനത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവദിവസം അവധിയിലായിരുന്ന വരാപ്പുഴ എസ്‌ഐ ദീപക്ക് തിരുവനന്തപുരത്ത് നിന്ന് ബൈക്ക് ഓടിച്ച് വരാപ്പുഴയില്‍ എത്തിയത് എസ്പിയുടെ ശകാരത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ എ വി ജോര്‍ജിന്റെ അതിരുവിട്ട ഇടപെടലിന് പിന്നില്‍ മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്ന് തുടക്കം മുതലേ പ്രതിപക്ഷം ആരോപിച്ചിരുന്നു. വരാപ്പുഴ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സേനയായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ നിയോഗിച്ചത് ഈ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണെന്നാണ് ആരോപണം. സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കു മുന്‍പേ പ്രതികളെ പിടിക്കാനായിരുന്നു ആര്‍ടിഎഫിനു മേലുണ്ടായ സമ്മര്‍ദം.
സംഭവത്തില്‍ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെ, കേസന്വേഷണം പറവൂര്‍ സിഐ ക്രിസ്പിന്‍ സാമില്‍ അവസാനിപ്പിക്കാനാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദം. എ വി ജോര്‍ജിനെ ചോദ്യം ചെയ്താല്‍ രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തു വന്നേക്കാമെന്ന ആശങ്കയാണ് കാരണം. സംഭവ ദിവസത്തെ റൂറല്‍ എസ്പിയുടെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്ന് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം എസ്പിയെ ചോദ്യം ചെയ്തില്ലെങ്കില്‍ ജാമ്യഹര്‍ജിയുടെ വാദത്തിനിടെ അന്വേഷണത്തിലെ ഇരട്ടനീതി പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കും എന്നത് പ്രത്യേക അന്വേഷണ സംഘത്തിന് തലവേദനയാണ്.  
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
