ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എ വി ജോർജ് പ്രതിയായേക്കും; വകുപ്പുതല നടപടിക്ക് ശുപാർശ

വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിൽ മുൻ ആലുവ എസ്.പി എ.വി.ജോർജിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനം രണ്ടുദിവസത്തിനകം
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എ വി ജോർജ് പ്രതിയായേക്കും; വകുപ്പുതല നടപടിക്ക് ശുപാർശ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിൽ മുൻ ആലുവ എസ്.പി എ.വി.ജോർജിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനം രണ്ടുദിവസത്തിനകം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നിയമോപദേശം തേടും. ജോർജിനെതിരെ വകുപ്പുതല നടപടി എടുക്കണമെന്ന് അന്വേഷണസംഘം ഡിജിപിക്ക് ഉടൻ കൈമാറുന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്തേക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ആർടിഎഫുകാരെ വരാപ്പുഴയിലേക്ക് നിയോ​​ഗിച്ചത് ജോർജ് നിയമം പാലിക്കാതെയെന്ന് അന്വേഷണസംഘം കണ്ടെത്തിയതായാണ് റിപ്പോർട്ട്. 

നേരത്തെ അന്വേഷണസംഘം ജോർജിനെ ചോദ്യം ചെയ്തു.  അന്വേഷണ സംഘത്തലവൻ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്നര മണിക്കൂറോളം നീണ്ടു. ജോർജിനെതിരെ നിർണായകമായ പത്തിലധികം തെളിവുകൾ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ചതായാണ് സൂചന. അന്വേഷണ വിധേയമായി എസ്.പി എ.വി ജോർജിനെ സസ്‌പെൻഡ് ചെയ്യാനും നീക്കം തുടങ്ങിയതായാണ് വിവരം. തൃശൂർ പൊലീസ് അക്കാഡമിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ് ഇപ്പോൾ ഇദ്ദേഹം.

ജോർജിനെ മൂന്ന് തവണ ചോദ്യം ചെയ്തതായാണ് സൂചന. കസ്റ്റഡി മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന റൂറൽ ടൈഗർ ഫോഴ്‌സിനെ (ആർ.ടി.എഫ്) ജോർജ് വഴിവിട്ടു സഹായിച്ചതിനുള്ള തെളിവുകൾ പ്രത്യേകാന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ് ജോർജിനെതിരായ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചത്. എസ്.പിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് സി.ഐ ക്രിസ്പിൻ സാം നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെയാണ് അന്വേഷണം എസ്.പിയിലേക്ക് തിരിഞ്ഞത്.
     
    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com