ഫേസ്ബുക്ക് വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ തന്റെ പേരുപയോഗിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസിനെ അവഹേളിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍. ഉണ്ണിമേനോന്‍ ആലപിച്ച 'തൊഴുതു മടങ്ങും'' എന്ന പാട്ട് 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടതായും ആ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നുമാണ് പ്രചരിക്കുന്ന വീഡിയോയിലെ ഉള്ളടക്കം. എന്നാല്‍ ഈ ആരോപണം തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് വിശദീകരണവുമായാണ് ഉണ്ണിമേനോന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതു സംബന്ധിച്ച വിശദീകരണം ഗായകന്‍ നല്‍കിയിരിക്കുന്നത്.
'ഞാന്‍ അറിയുന്നിടത്തോളം എന്റെ പാട്ട് ആ വര്‍ഷം അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നില്ല. ദാസേട്ടന്‍ പാടിയ 'സ്വന്തം ശാരിക''യിലെ ഈ മരുഭൂവില്‍ (സംഗീതം: കണ്ണൂര്‍ രാജന്‍) എന്ന ഗാനത്തിനായിരുന്നു ആ വര്‍ഷത്തെ അവാര്‍ഡ്. ഇത്രയും കാലത്തിന് ശേഷം വസ്തുതാവിരുദ്ധമായ 'വെളിപ്പെടുത്ത''ലുമായി ഈ പഴയ വീഡിയോ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തം. ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ളൂ. അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി എന്നതാണ് നിര്‍ഭാഗ്യകരം', ഉണ്ണി മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ വ്യക്തി ജീവിതത്തിലും സംഗീത ജീവിതത്തിലും ദാസേട്ടനെ പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരാള്‍ ഉണ്ടാവില്ലെന്നും ആ ശബ്ദം കേട്ടും ആസ്വദിച്ചും ഉള്‍ക്കൊണ്ടും വളര്‍ന്ന ബാല്യമാണ് തന്റേതെന്നും ഉണ്ണിമേനോന്‍ കുറിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഉണ്ണി മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയ സുഹൃത്തുക്കളെ
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അസത്യങ്ങളോടും അര്‍ദ്ധസത്യങ്ങളോടും പ്രതികരിക്കുന്ന ശീലമില്ല എനിക്ക്. അത്തരം മാധ്യമങ്ങള്‍ മനുഷ്യന്റെ നന്മ മാത്രം പ്രചരിപ്പിക്കാനേ ഉപയോഗിച്ചുകൂടൂ എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ് ബുക്കിലും വാട്‌സപ്പിലും മറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നി. ഞാന്‍ ഉള്‍പ്പെടെയുള്ള സംഗീത പ്രേമികളും ഗായകരും സ്‌നേഹിക്കുകയും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മഹദ് വ്യക്തിത്വത്തെ നിന്ദിക്കാന്‍ വേണ്ടി ഈ വീഡിയോയില്‍ എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതില്‍ ദുഖമുള്ളതു കൊണ്ടാണ് ഈ വിശദീകരണം.
ഞാന്‍ പാടിയ 'തൊഴുതു മടങ്ങും'' എന്ന പാട്ട് 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടതായും ആ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നും അഭിമുഖം നല്‍കിയ ആള്‍ പറയുന്നു. തികച്ചും വസ്തുതാവിരുദ്ധമാണ് ആ പരാമര്‍ശം. ഞാന്‍ അറിയുന്നിടത്തോളം എന്റെ പാട്ട് ആ വര്‍ഷം അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നില്ല. ദാസേട്ടന്‍ പാടിയ ഭഭസ്വന്തം ശാരിക'' യിലെ ഈ മരുഭൂവില്‍ (സംഗീതം: കണ്ണൂര്‍ രാജന്‍) എന്ന ഗാനത്തിനായിരുന്നു ആ വര്‍ഷത്തെ അവാര്‍ഡ്. ഇത്രയും കാലത്തിന് ശേഷം വസ്തുതാവിരുദ്ധമായ ഭഭവെളിപ്പെടുത്ത''ലുമായി ഈ പഴയ വീഡിയോ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തം. ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ളൂ. അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി എന്നതാണ് നിര്‍ഭാഗ്യകരം.
എന്റെ വ്യക്തി ജീവിതത്തിലും സംഗീത ജീവിതത്തിലും ദാസേട്ടനെ പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരാള്‍ ഉണ്ടാവില്ല. ആ ശബ്ദം കേട്ടും ആസ്വദിച്ചും ഉള്‍ക്കൊണ്ടും വളര്‍ന്ന ബാല്യമാണ് എന്റേത്. സഹോദര നിര്‍വിശേഷമായ സ്‌നേഹത്തോടെയേ അദ്ദേഹം എന്നോട് എന്നും പെരുമാറിയിട്ടുള്ളൂ. എന്റെ ജീവിതത്തിന്റെ ഓരോ നിര്‍ണായക ഘട്ടത്തിലും ദാസേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1986 ല്‍ ആലാപ് എന്ന പേരില്‍ ഞാന്‍ തുടങ്ങിയ സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്യാന്‍ അന്നത്തെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് എത്തിച്ചേര്‍ന്നത് ദാസേട്ടനാണ്. സംഗീത ജീവിതത്തില്‍ എന്റെ മുപ്പത്തിമൂന്നാം വാര്‍ഷികം പാലക്കാട്ട് വെച്ച് സ്വരലയ ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണവും സസന്തോഷം സ്വീകരിച്ചു അദ്ദേഹം. ആ അവസരങ്ങളിലെല്ലാം അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ നന്മ നിറഞ്ഞ വാക്കുകള്‍ നന്ദിപൂര്‍വമല്ലാതെ ഓര്‍ക്കാതെ വയ്യ. എന്റെ ജീവിതത്തിലെ എത്രയോ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍ക്ക് സുഗന്ധമേകിയത് ആ ഗന്ധര്‍വ സാന്നിധ്യമാണ്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ സൗഹൃദത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്ന് എന്റെ പ്രിയ സുഹൃത്തുക്കളോടും സംഗീത പ്രേമികളോടും വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ്. ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും അത്.
ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങളൊന്നും യേശുദാസിനെ പോലൊരു പ്രതിഭാസത്തെ സ്പര്‍ശിക്കുക പോലുമില്ലെന്ന് എനിക്കറിയാം. അതിനെല്ലാം മുകളിലാണ് സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ അദ്ദേഹത്തിന്റെ സ്ഥാനം. മനസാ വാചാ കര്‍മണാ താന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു അനാവശ്യ വിവാദത്തിലേക്ക് ദാസേട്ടന്റെ പേര് ഇനിയും വലിച്ചിഴക്കരുതേ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ..
സ്‌നേഹപൂര്‍വ്വം നിങ്ങളുടെ ഉണ്ണി മേനോന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates