കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തിയ നിപ്പാ വൈറസ് പടര്‍ത്തിയതു വവ്വാലാണെന്ന സംശയം ശക്തമായത്, വവ്വാലുകള്‍ക്കു പ്രിയപ്പെട്ട പഴങ്ങളുടെയും കള്ളിന്റെയും കച്ചവടത്തെ ബാധിക്കുന്നു. നിപ്പാ വൈറസ് ബാധ മാങ്ങയും പേരയ്ക്കയും ഉള്‍പ്പെടെയുള്ള പഴങ്ങളുടെ വിപണിയെ ബാധിച്ചതായി കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. കള്ളുവിപണിയെയും നിപ്പാ ബാധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
തെങ്ങ്, പന കള്ളുകള്‍ മരത്തിനു മുകളില്‍ വച്ചുതന്നെ സാധാരണ ഗതിയില്‍ വവ്വാലുകള്‍ കുടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കള്ളു കുടിക്കരുതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ കുടിച്ചിട്ടുണ്ടാകാമെന്ന ഭീതിയില്‍ സമീപ ദിവസങ്ങളില്‍ പലരും കള്ളുകുടിക്കുന്നത് ഒഴിവാക്കിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കള്ളുവിപണിയെ ഇതു സാരമായി ബാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ച പേരാമ്പ്രയും പരിസര പ്രദേശങ്ങളും കള്ളുചെത്ത് സജീവമായ മേഖലകളാണ്. ഇവിടെ മാത്രമാല്ല സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ വരെ കള്ളുകച്ചവടത്തെ നിപ്പാ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വവ്വാലുകള്‍ നിപ്പാ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും ആലപ്പുഴയിലും വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഇരുനൂറു ലിറ്റര്‍ കള്ള് അളക്കുന്ന ഷാപ്പുകളില്‍ പോലും പകുതിപോലും ചെലവാകാത്ത അവസ്ഥയാണെ്ന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കള്ളു ചെത്തുന്ന കുലകളില്‍ തൂങ്ങിക്കിടന്നാണു വവ്വാലുകള്‍ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകള്‍ കള്ളു കുടിക്കുമ്പോള്‍ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തില്‍ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് നിപ വൈറസ് പടരാന്‍ കാരണമാകും. പനയോ തെങ്ങോ ചെത്തുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാല്‍ വവ്വാലുകള്‍ കൂട്ടത്തോടെ എത്തുകയാണു പതിവ്. പത്തു വവ്വാലുകള്‍ എത്തിയാല്‍ രണ്ടു ലിറ്ററോളം കള്ള അകത്താക്കുമെന്നാണു ചെത്തുകാര്‍ പറയുന്നത്. വവ്വാലിനെ പിടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും പലരും പനങ്കുലയിലും തെങ്ങിന്‍കുലയിലും മുള്ളുകള്‍ നിരത്തി വവ്വാലിനെ പിടിക്കാറുണ്ട്. നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക.
വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗങ്ങള്‍ കഴിക്കരുത്, വവ്വാലുകളുടെ കാഷ്ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്, മരത്തില്‍ കയറരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates