നീനുവിന്റെ പിതാവും സഹോദരനും കീഴടങ്ങി; ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത് ബംഗലൂരുവില്‍

പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതികള്‍ കീഴടങ്ങി
നീനുവിന്റെ പിതാവും സഹോദരനും കീഴടങ്ങി; ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത് ബംഗലൂരുവില്‍

കണ്ണൂര്‍:പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതികള്‍ കീഴടങ്ങി. കെവിന്റെ ഭാര്യയായ നീനുവിന്റെ പിതാവും സഹോദരനുമാണ് കണ്ണൂര്‍ കരിങ്കോട്ടുകരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ബംഗലൂരുവിലായിരുന്നു ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രതികളെ കോട്ടയത്തേയ്ക്ക് കൊണ്ടുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം അഭ്യൂഹങ്ങളായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇരുവരുടെയും അറസ്റ്റ്.

കേസില്‍ പതിനാല് പ്രതികളാണുളളത്. മറ്റുളള പ്രതികള്‍ക്കായുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

കേസില്‍ ചാക്കോയും,ഷാനു ചാക്കോയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിച്ചിട്ടുണ്ട്.കെവിന്റെ മരണവുമായി ബന്ധമില്ലെന്ന് ഇരുവരും ജാമ്യാപേക്ഷയില്‍ വാദിക്കുന്നു. കെവിന്‍ തന്റെ മകളെയാണ് വിവാഹം ചെയ്തത്. വിവാഹബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്നും ഇരുവരും ജാമ്യാപേക്ഷയില്‍ പറയുന്നു.

കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇവ മരണകാരണമായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ചെറും വലുതുമായ പതിനഞ്ചു മുറിവുകളാണ് കെവിന്റെ മൃതദേഹത്തില്‍ കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവ പക്ഷേ, മരണകാരണമാവാന്‍ മാത്രം ഗുരുതരമല്ലെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നു. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കെവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇന്നലെ രാവിലെ കൊല്ലം തെന്മലയ്ക്കു സമീപം തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡില്‍നിന്നു മാറിയുള്ള തോട്ടില്‍ ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കെവിന്‍ തങ്ങളുടെ വാഹനത്തില്‍നിന്നു ചാടിപ്പോയതായി അതിനു മുമ്പായി തട്ടിക്കൊണ്ടുപോയവര്‍ പൊലീസിനോടു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com