

കൊല്ലം: കെവിന്റെയും നീനുവിന്റെയും പ്രണയം വിവാഹത്തിലേക്ക് കടന്നപ്പോള്‍ ആ ബന്ധത്തിന് മൂന്ന് ദിവസം മാത്രമാണ് ആയുസുണ്ടായത്. പ്രണയവും സ്‌നേഹവും അതിന്റെ തീവ്രതയുമൊന്നും മകള്‍ ഇറങ്ങിപോകുമ്പോള്‍ മാതാപിതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്ന ബാലിശമായ വാദഗതികള്‍ക്കുപോലും ഇവിടെ സ്ഥാനമില്ല. കാരണം നീനുവിന്റെ കുടുംബത്തില്‍ ആദ്യമായി സംഭവിക്കുന്ന പ്രണയമല്ല ഇത്, ആദ്യമായി നടന്ന പ്രണയവിവാഹവുമല്ല ഇത്. മകള്‍ പ്രണയിച്ചവനെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയ അവളുടെ മാതാപിതാക്കളുടേതും പ്രണയവിവാഹം തന്നെ. നീനുവിന്റെ സഹോദരനും കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയുമായ സാനു ചാക്കോയുടെ വിവാഹവും പ്രണയിച്ചുതന്നെ.
25വര്‍ഷങ്ങള്‍ക്കു മുന്‍പ് നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയുടേയും രഹന ബീവിയുടെയും വിവാഹം പ്രണയത്തില്‍ തുടങ്ങി ദാമ്പത്യത്തിലെത്തിയ ബന്ധമാണ്. കാല്‍ നൂറ്റാണ്ടിനു മുന്‍പ് ചാക്കോ രഹാനയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോഴും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. രഹാനയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയപ്പോള്‍ ചാക്കോയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തു. ഇവരുടെ വിവാഹവും പൊലീസ് സ്റ്റേഷനിലുണ്ടായ ഒത്തുതീര്‍പ്പിലൂടെയാണു നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോഴും ചാക്കോയുടെ വീടുമായി അടുപ്പം കുറവാണ്. പിന്നീട് ചാക്കോ ജോലിക്കായി വിദേശത്തേക്ക് പോയി. വര്‍ഷങ്ങള്‍ക്കൊപ്പം ഭാര്യ രഹാനയെയും ഒപ്പം കൂട്ടി. വിദേശത്ത് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇരുവരും വീടിനു സമാപം ഒരു സ്റ്റേഷനറി കട ആരംഭിച്ചു.
ചാക്കോയുടെ മകനും നീനുവിന്റെ ജ്യേഷ്ഠസഹോദരനുമായ സാനു തിരുവനന്തപുരം സ്വദേശിനിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിദേശത്തു ജോലിയുള്ള സാനു ഏതാനും ദിവസം മുന്‍പാണു നാട്ടിലെത്തിയത്.
ബിരുദപഠനത്തിനായി കോട്ടയത്തെത്തിയപ്പോഴാണ് നീനു കെവിന്‍ പി ജോസഫിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും പിന്നീട് ഒന്നിച്ച ജീവിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. മറ്റൊരു വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും അത് കണക്കാക്കാതെ വിവാഹം ഉറപ്പിച്ചതോടെയാണ് നീനു വീടുവിട്ടിറങ്ങിയത്. പരീക്ഷയുടെ ആവശ്യത്തിന് പോകുകയാണെന്നുപറഞ്ഞാണ് നീനു വീട്ടില്‍ നിന്നിറങ്ങിയത്. പിറ്റേന്ന് വിവാഹ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കി.   തുടര്‍ന്ന് ഒരുമിച്ചു ജീവിക്കാന്‍ കരാറില്‍ ഒപ്പുവച്ചു. വിവാഹം കഴിഞ്ഞതായി നീനു വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ ഇടപെടല്‍ ഭയന്നാണ് നീനുവിനെ കെവിന്‍ രഹസ്യമായി ഹോസ്റ്റലിലേക്കു മാറ്റിയത്. ദലിത് ക്രൈസ്തവ വിഭാഗത്തിലുള്ള കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. സാമ്പത്തികനിലയിലെ അന്തരവും ഇവരുടെ ബന്ധത്തില്‍ നീനുവിന്റെ വീട്ടുകാര്‍ കണ്ടെത്തിയ പോരായ്മയാണ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates