രേഖകളിൽ ഒപ്പിട്ടിട്ടില്ല; കെവിൻ-നീനു വിവാഹം സാധുവായില്ല 

സബ്‌ രജിസ്ട്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ കെവിന്റെയും നീനുവിന്റെയും കാര്യത്തിൽ ഈ നടപടിക്രമങ്ങളിലേക്ക് എത്തിയിരുന്നില്ല
രേഖകളിൽ ഒപ്പിട്ടിട്ടില്ല; കെവിൻ-നീനു വിവാഹം സാധുവായില്ല 

കോട്ടയം: കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്യാനായി ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിച്ചിട്ടൊള്ളു എന്നും അസ്സൽ രേഖകൾ സമർപ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ലെന്നും സബ് രജിസ്ട്രാർ കെ ജി ശ്രീകുമാർ. കെവിനും നീനുവും സാക്ഷികൾക്കൊപ്പം വക്കീൽ ഓഫിസിൽ എത്തി ഓൺലൈൻ വിവാഹ അപേക്ഷ സമർപ്പിക്കുക മാത്രമേ ചെയ്തിട്ടൊള്ളു. ഒാൺലൈൻ ആയി അപേക്ഷ നൽകിയാലും യഥാർത്ഥ രേഖകളുടെ പകർപ്പുമായി സബ് രജിസ്ട്രാർക്കു മുന്നിലെത്തി ഫോട്ടോയിൽ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണം. 

ഇതിനുശേഷം ഇരുവരുടെയും വിവരങ്ങൾ‌ അറിയിച്ചുള്ള നോട്ടീസ് ഒരു മാസത്തേക്ക് സബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഒരുമാസത്തിനു ശേഷം ഇവർ‌ വീണ്ടും എത്തി സബ്‌ രജിസ്ട്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടാൽ മാത്രമേ വിവാഹം സാധുവാകൂ. എന്നാൽ കെവിന്റെയും നീനുവിന്റെയും കാര്യത്തിൽ ഈ നടപടിക്രമങ്ങളിലേക്ക് എത്തിയിരുന്നില്ല. അതിനാൽ തന്നെ ഇവരുടെ വിവാഹം സാധുവായിട്ടില്ല. 

ബിരുദപഠനത്തിനായി കോട്ടയത്തെത്തിയപ്പോഴാണ് നീനു കെവിന്‍ പി ജോസഫിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും പിന്നീട് ഒന്നിച്ച ജീവിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. മറ്റൊരു വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും അത് കണക്കാക്കാതെ വിവാഹം ഉറപ്പിച്ചതോടെയാണ് നീനു വീടുവിട്ടിറങ്ങിയത്. പരീക്ഷയുടെ ആവശ്യത്തിന് പോകുകയാണെന്നുപറഞ്ഞാണ് നീനു വീട്ടില്‍ നിന്നിറങ്ങിയത്. പിറ്റേന്ന് വിവാഹ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കി. വിവാഹം കഴിഞ്ഞതായി നീനു വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ ഇടപെടല്‍ ഭയന്നാണ് നീനുവിനെ കെവിന്‍ രഹസ്യമായി ഹോസ്റ്റലിലേക്കു മാറ്റിയത്. ദലിത് ക്രൈസ്തവ വിഭാഗത്തിലുള്ള കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. സാമ്പത്തികനിലയിലെ അന്തരവും ഇവരുടെ ബന്ധത്തില്‍ നീനുവിന്റെ വീട്ടുകാര്‍ കണ്ടെത്തിയ പോരായ്മയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com