കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിനെ വിളിച്ചുവരുത്താനെന്ന് ചാക്കോ

കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിനെ വിളിച്ചുവരുത്താനെന്ന് ചാക്കോ
കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിനെ വിളിച്ചുവരുത്താനെന്ന് ചാക്കോ

കോട്ടയം: മകളെ പ്രണയിച്ചു വിവാഹം ചെയ്ത കെവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന്, നീനുവിന്റെ പിതാവ് ചാക്കോയുടെ മൊഴി. കെവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നീനുവുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ചാക്കോ പൊലീസിനോടു പറഞ്ഞതായാണ് അറിയുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഇന്നലെയാണ് ചാക്കോ മകന്‍ ഷാനുവിനൊപ്പം പൊലീസില്‍ കീഴടങ്ങിയത്. സംഭവത്തിനു പിന്നാലെ കൊല്ലം വിട്ട ഇരുവരും കണ്ണൂരില്‍ മലയോരമേഖലയായ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവിടെയുള്ള ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കാനായിരുന്നു പദ്ധതിയെങ്കിലും ബന്ധു കൈയൊഴിഞ്ഞതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

കെവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണാ ചാക്കോ പൊലീസിനോടു പറഞ്ഞത്. കെവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് നീനുവിനെ വിളിച്ചുവരുത്തുകയായിരുന്നു ലക്ഷ്യം. ഏതു വിധേനയും മകളും കെവിനും തമ്മിലുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ചാക്കോ മൊഴി നല്‍കിയെന്നാണ് സൂചന.

കെവിന്‍ കൊല്ലപ്പെട്ട താന്‍ അറിഞ്ഞിരുന്നില്ല. ഓടി രക്ഷപ്പെട്ടെന്നാണ് ഷാനു തന്നോടു പറഞ്ഞതെന്നും ചാക്കോ പൊലീസിനോടു പറഞ്ഞു. 

കെവിന്‍ തെന്മലയില്‍ വച്ച് ഓടി രക്ഷപ്പെടെന്നു തന്നെയാണ് ഷാനു പൊലിസിനോടു പറഞ്ഞിരിക്കുന്നതും എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘം കെവിനെ എടുത്ത് റോഡില്‍ കിടത്തുന്നത് താന്‍ കണ്ടതായി ബന്ധു അനീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. കെവിന്റ മൃതദേഹം കണ്ടതിനു സമീപമാണ് വണ്ടി നിര്‍ത്തിയിരുന്നതെന്ന് അനീഷ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

വാഹനത്തില്‍ വച്ച് ക്രൂരമായ മര്‍ദനമാണ് തനിക്ക് നേരിടേണ്ടിവന്നത്. ഇടയ്ക്കു വച്ച് തനിക്കു ഛര്‍ദിക്കണമെന്നു തോന്നി. ഇക്കാര്യം കൂടെയുണ്ടായിരുന്നവരോടു പറഞ്ഞപ്പോള്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ മറ്റൊരു വണ്ടിയില്‍നിന്ന് സംഘം കെവിനെ എടുത്തു റോഡില്‍ കിടത്തുന്നതു കണ്ടു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഇതെന്നും അനീഷ് പറഞ്ഞു.

മര്‍ദനമേറ്റ് അവശനിലയില്‍ ആയിരുന്നു കെവിന്‍ എന്നാണ് മനസിലായത്. ഓടി രക്ഷപ്പെടാവുന്ന നിലയില്‍ ആയിരുന്നില്ല. ഇതേ സമയം വണ്ടിക്കു പുറത്തിറങ്ങിയ ഷാനു ചാക്കോയും കൂടെയുണ്ടായിരുന്നവരും കുറച്ചു കഴിഞ്ഞാണ് തിരിച്ചുവന്നത്. കെവിന്‍ ഓടി രക്ഷപ്പെട്ടെന്നാണ് ഷാനു പറഞ്ഞത്. കെവിന്‍ പുഴ കടന്നുപോയതായും ഷാനു പറഞ്ഞെന്ന് അനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com