നീനു എവിടെ?;  ഈ ചോദ്യം ഉന്നയിച്ച് മൂന്നു മണിക്കൂറില്‍ കെവിന്‍ നേരിട്ടത് കൊടിയ പീഡനം 

പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിനെ വധുവിന്റെ കുടുംബം ക്രൂരമായി മര്‍ദിച്ചതായി പൊലീസ്.
നീനു എവിടെ?;  ഈ ചോദ്യം ഉന്നയിച്ച് മൂന്നു മണിക്കൂറില്‍ കെവിന്‍ നേരിട്ടത് കൊടിയ പീഡനം 

കോട്ടയം:പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിനെ വധുവിന്റെ കുടുംബം ക്രൂരമായി മര്‍ദിച്ചതായി പൊലീസ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തില്‍ വച്ചാണ് ക്വട്ടേഷന്‍ സംഘം കെവിനെ ക്രൂരമായി മര്‍ദിച്ചത്.  മൂന്നുമണിക്കൂറോളം പീഡനം തുടര്‍ന്നു. കോട്ടയം മുതല്‍ പുനലൂര്‍ വരെയുളള 90 കിലോമീറ്റര്‍ ദൂരവും ഇന്നോവ കാറില്‍ ക്രൂരമര്‍ദനത്തിന് ഇരയായെന്നാണ് പൊലീസ് കസ്റ്റഡിയിലുളള പ്രതികള്‍ നല്‍കുന്ന മൊഴി. നീനു എവിടെയാണെന്ന്പറയണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ തെന്മലയിലെ വീട് എത്തുന്നതിന് മുന്‍പ് കെവിന്‍ വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടു. രക്ഷപ്പെട്ട കെവിനെ പിന്തുടര്‍ന്ന് അക്രമിസംഘം പുറകേ ഓടി. ഇതിനിടയിലാണ് കെവിന്‍ അപായപ്പെടുന്ന സാഹചര്യം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്.

കെവിന്റെ മൃതദേഹം കിടന്ന സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തതും റിയാസായിരുന്നു. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഛര്‍ദിക്കണമെന്നാവശ്യപ്പെട്ട് കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെട്ടെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. 

അതേസമയം ചൊവ്വാഴ്ച കണ്ണൂരില്‍ കീഴടങ്ങിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയെയും പിതാവ് ചാക്കോയെയും പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും.  കേസില്‍ പിടിയിയിലായവര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ ആറ് പ്രതികളാണ് പൊലീസ് പിടിയിലുള്ളത്. കൊലക്കുറ്റം ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നിയമവിരുദ്ധമായ സംഘം ചേരലും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേസില്‍ മൂന്നു പ്രതികളെ പൊലീസ് റിമാന്റ് ചെയ്തു. കഴിഞ്ഞദിവസം പിടിയിലായ നിയാസ്,റിയാസ്,ഇഷാന്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്.രണ്ടാഴ്ചത്തേക്കാണ് ഇവരെ റിമാന്റ് ചെയ്തത്. ഇവരെഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. 

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ കാര്‍ ഓടിച്ച ഭരണിക്കാവ് സ്വദേശി മനുവിനെയാണ് തെന്‍മല പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായവരുടെ എണ്ണം ആറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com