ഡിവൈഎസ്പി മൂന്നാറിൽ ? ; ഏതു വിധേനയും പ്രതിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് ഡിജിപിയുടെ നിർദേശം

കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം
ഡിവൈഎസ്പി മൂന്നാറിൽ ? ; ഏതു വിധേനയും പ്രതിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ മൂന്നാറിനടുത്ത് ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്നാറിനടുത്ത്‌ കേരള-തമിഴ്നാട് അതിർത്തിക്കു സമീപം ഇയാൾ ഉള്ളതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണോദ്യോഗസ്ഥനായ എസ് പി കെ എം ആന്റണി സ്ഥലത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ബന്ധുക്കളുടെയും സഹായി ബിനുവിന്റെ ബന്ധുക്കളുടെയും മൊബൈൽ ഫോൺ നിരീക്ഷണത്തിലൂടെയാണ് അന്വേഷണസംഘത്തിന് ഒളിവിടം സംബന്ധിച്ച സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്. 

അതേസമയം ഡിവൈഎസ്പി ഇവിടെ നിന്നും രക്ഷപ്പെട്ട് കോടതിയിൽ കീഴടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹരികുമാർ ശനിയാഴ്ച കീഴടങ്ങുമെന്ന്  അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പൊലീസിന് മുന്നിലെത്തിയില്ല. കീഴടങ്ങാൻ ഹരികുമാർ നിബന്ധന വെച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ ഡിവൈഎസ്പിയെ കീഴടങ്ങുന്നതിന് മുമ്പ് ഏതുവിധേനയും അറസ്റ്റു ചെയ്യണമെന്ന് അന്വേഷണസംഘത്തിന് ഡിജിപി കര്‍ശന നിര്‍ദേശം നൽകി. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.

കേസിലെ പ്രതി ഹരികുമാറിന്റെ സഹോദരൻ മാധവൻ നായർ, ബിനുവിന്റെ മകൻ, ഇവരുടെ ബന്ധുക്കൾ എന്നിവരിൽനിന്നു അന്വേഷണസംഘം ശനിയാഴ്ച മൊഴിയെടുത്തു. ലോക്കൽ പോലീസ് അന്വേഷിച്ച സമയത്ത് ദൃക്‌സാക്ഷികളായി ഉൾപ്പെടുത്താത്തവരിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. സംഭവം നടന്ന കൊടങ്ങാവിളയിലും ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച വീണ്ടും തെളിവെടുപ്പു നടത്തി. മരിച്ച സനൽകുമാറും ഡിവൈഎസ്പി ഹരികുമാറും തമ്മിലുള്ള വാക്കുതർക്കം ചിലർ മൊബൈലിൽ പകർത്തിയതായും പൊലീസ് സംശയിക്കുന്നു. കേസിൽ നിർണായകമാകുന്ന ഈ തെളിവിന് വേണ്ടിയും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com