'ഡിവൈഎസ്പിയെ രക്ഷിക്കാൻ പൊലീസ് അസോസിയേഷനും സിപിഎം നേതാക്കളും ​ഗൂഢാലോചന നടത്തി' ; സനലിന്റെ കൊലപാതകത്തിൽ വിഎസ്ഡിപി പ്രക്ഷോഭത്തിന്

സംഭവം കണ്ടെന്ന് പറയുന്ന സാക്ഷികളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നില്ല
'ഡിവൈഎസ്പിയെ രക്ഷിക്കാൻ പൊലീസ് അസോസിയേഷനും സിപിഎം നേതാക്കളും ​ഗൂഢാലോചന നടത്തി' ; സനലിന്റെ കൊലപാതകത്തിൽ വിഎസ്ഡിപി പ്രക്ഷോഭത്തിന്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് വൈകുണ്ഠസ്വാമി ധർമ്മ പ്രചാരണ സഭ (വിഎസ്ഡിപി) രംഗത്ത്. ഡിവൈഎസ്പി ഹരികുമാറിനെ രക്ഷിക്കാൻ പൊലീസ് അസോസിയേഷനും സിപിഎം നേതാക്കളും ചേർന്ന് ​ഗൂഢാലോചന നടത്തിയെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. 

സംഭവത്തിൽ ദൃക്സാക്ഷികളായ അഞ്ചിലധികം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവം കണ്ടെന്ന് പറയുന്ന സാക്ഷികളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നില്ല.ഡിവൈഎസ്പിക്ക് അനുകൂലമായ മൊഴികൾ മാത്രമാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സ്ഥലം എംഎൽഎയെ കൂട്ടി മുഖ്യമന്ത്രിയെ കാണുകയും സനലിന്‍റെ ഭാര്യയുടെ അപേക്ഷ അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.  മോശം ട്രാക്ക് റിക്കോർഡ് ഉള്ളവരാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തിലുള്ളത്. നിലവിലെ ക്രൈംബ്രാഞ്ചിന്റെ അ്വേഷണം തൃപിതികരമല്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. 

അതിനിടെ കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ  വിജി കുറ്റപ്പെടുത്തി. കൊലപാതകം അപകട മരണമാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. കേസിലെ  അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണം. അല്ലെങ്കിൽ കേസ് സിബിഐയെ ഏൽപ്പിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും വിജി വ്യക്തമാക്കി. സനൽ കൊല്ലപ്പെട്ടിട്ട് ഏഴു ദിവസമായിട്ടും പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com