ശബരിമല : പുനഃപരിശോധന ഹര്‍ജികള്‍ക്ക് ശേഷമാകാം ; റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു

ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കാണ് ശബരിമല യുവതീ പ്രവേശനത്തിനെതിരായ റിവ്യൂ ഹർജികൾ സുപ്രിംകോടതി പരി​ഗണിക്കുന്നത്
ശബരിമല : പുനഃപരിശോധന ഹര്‍ജികള്‍ക്ക് ശേഷമാകാം ; റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ റിട്ട് ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ പരിഗണിച്ചത്. 

ശബരിമല യുവതീ പ്രവേശനം അനുവദിച്ചുള്ള വിധിയെ തെിര്‍ത്ത് നാലു റിട്ട് ഹര്‍ജികളാണ് കോടതിക്ക് മുമ്പാകെ എത്തിയത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍, പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ശബരിമല സംരക്ഷണ ഫോറത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയതാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. 

ഇതില്‍ മാറ്റം വരുത്താനാകില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. വീണ്ടും ഇത്തരത്തില്‍ ആവശ്യവുമായി വന്നത് ശരിയായില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അഭിഭാഷകനായ വി കെ ബിജുവിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ന്യായമല്ലാത്ത ആവശ്യമാണ് അഭിഭാഷകന്‍ ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുള്ളതിനാൽ, റിട്ട് നിലനിൽക്കില്ലന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ജയ് ദീപ് ഗുപ്തയും വിജയ് ഹൻസാരിയയും ചൂണ്ടിക്കാണിച്ചു. റിട്ട് ഫയൽ ചെയ്തിട്ടുള്ളവർ റിവ്യൂ ഹർജികളും ഫയൽ ചെയ്തിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട 49 പുനഃപരിശോധനാ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ഉച്ചകഴിഞ്ഞു മൂന്നിനാണ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുക. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് വിധിച്ചത്.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തിയത് മാത്രമാണ് ഏകമാറ്റം. 

റിവ്യൂ ഹർജികൾ പരിഗണിക്കാമെന്ന് തീരുമാനിച്ചാൽ, തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിലും നിലപാട് വ്യക്തമാക്കി, കോടതി വൈകിട്ടോടെ ഉത്തരവിറക്കും. റിവ്യൂ ഹർജികൾ എല്ലാം തള്ളാനാണ് തീരുമാനമെങ്കിൽ, നാല് റിട്ടുകൾ പിന്നീട് വേറെ പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com