ശബരിമല: പാസില്ലെങ്കിലും കടത്തിവിടും, സമയനഷ്ടമുണ്ടാകുമെന്ന് പൊലീസ്; സന്നിധാനത്ത് ഡ്രസ് കോഡ് നിര്‍ബന്ധം 

ശബരിമല: പാസില്ലെങ്കിലും കടത്തിവിടും, സമയനഷ്ടമുണ്ടാകുമെന്ന് പൊലീസ്; സന്നിധാനത്ത് ഡ്രസ് കോഡ് നിര്‍ബന്ധം 

ശബരിമല ദര്‍ശനത്തിനായി പാസില്ലാതെ വരുന്ന വാഹനങ്ങളെയും കടത്തിവിടുമെന്ന് എസ്പി യതീഷ് ചന്ദ്ര

ശബരിമല:  ശബരിമല ദര്‍ശനത്തിനായി പാസില്ലാതെ വരുന്ന വാഹനങ്ങളെയും കടത്തിവിടുമെന്ന് എസ്പി യതീഷ് ചന്ദ്ര. പാസുമായി വരുന്നതാണ് നല്ലത് . അല്ലെങ്കില്‍ സമയനഷ്ടമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പാസില്ലെങ്കിലും നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ തിരിച്ചുവിടില്ലെന്നും യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. 

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഴുത പരമ്പരാഗത കാനനപാതയിലും തീര്‍ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്തും. ഈ വഴി വരുന്ന തീര്‍ത്ഥാടകര്‍ പേരും വിലാസവും നല്‍കണമെന്നും പൊലീസ് അറിയിച്ചു. 

ഇതിനിടെ മണ്ഡല, മകര വിളക്ക് പൂജയ്ക്കായി ഇന്ന്് വൈകീട്ട് നട തുറക്കുന്ന ശബരിമലയില്‍ പൊലീസ് നിയന്ത്രണം കടുപ്പിച്ചു. യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വ്യക്തമായതോടെ ശബരിമലയില്‍ പ്രതിഷേധം കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. രാത്രിയില്‍ ശബരിമലയില്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. ഇതിന് പുറമേ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് ഡ്രസ് കോഡും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നടപ്പന്തലിലുളള പൊലീസുകാര്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മറ്റ് എന്നിവ നിര്‍ബന്ധമായി ധരിക്കണം. പതിനെട്ടാം പടിക്ക് താഴെ യൂണിഫോമും നിര്‍ബന്ധമാണ്. സോപാനത്തും പതിനെട്ടാം പടിയിലും മാത്രമാണ് ഡ്രസ് കോഡിന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഐജി വിജയ് സാക്കറെയാണ് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.  ബെല്‍റ്റും ഷൂസും നിര്‍ബന്ധമായി ധരിക്കണം.ഇതിന് പുറമേ ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സല്യൂട്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാധാരണ സന്നിധാനത്ത് സല്യൂട്ട് നിര്‍ബന്ധമായിരുന്നില്ല.സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 15259 പൊലീസുകാരെയാണ് ശബരിമലയില്‍ വിന്യസിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com