

കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി. തിങ്കളാഴ്ച നിലപാട് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശബരിമല പ്രവേശനത്തിനു പൊലീസ് സംരക്ഷണം തേടി എകെ മായ കൃഷ്ണന്‍, എസ് രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്.ശബരിമല പ്രവേശനത്തിന് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിനു വീഴ്ച വന്നിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ഹര്‍ജിക്കാര്‍ തെളിയിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രായനിബന്ധന എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹര്‍ജിയിലുണ്ട്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, പി എസ് ശ്രീധരന്‍പിള്ള, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ദേശീയ അധ്യക്ഷന്മാരെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. തീര്‍ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates