പിന്നില്‍ നിന്ന് കുത്തിയത് ഘടകകക്ഷികള്‍ ; കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മൂലമല്ല കരുണാകരന്റെ രാജിയെന്ന് കെ മുരളീധരന്‍

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചതായി അച്ഛന്‍ പറഞ്ഞിട്ടില്ല. തെളിവില്ലാതെ മൈതാന പ്രസംഗം കൊണ്ട് കാര്യമില്ല
പിന്നില്‍ നിന്ന് കുത്തിയത് ഘടകകക്ഷികള്‍ ; കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മൂലമല്ല കരുണാകരന്റെ രാജിയെന്ന് കെ മുരളീധരന്‍


കോഴിക്കോട് : കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മൂലമല്ലെന്ന് കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചതായി അച്ഛന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ പൊതു ചര്‍ച്ച നടക്കുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ല. തെളിവില്ലാതെ മൈതാന പ്രസംഗം കൊണ്ട് കാര്യമില്ല. ചാരക്കേസില്‍ നീതി കിട്ടാതിരുന്നത് കരുണാകരന് മാത്രമാണ്. 

കരുണാകരന്‍ രാജിവെക്കണമെന്ന് നിലപാട് സ്വീകരിച്ചത് ഘടകകക്ഷികളാണ്. മുഖ്യമന്ത്രി സ്ഥാനത്ത് കരുണാകരന്‍ തുടര്‍ന്നാല്‍ വിജയിക്കില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. സിഎംപിയും എന്‍ഡിപിയും മാത്രമാണ് കരുണാകരനെ പിന്തുണയ്ക്കാന്‍ തയ്യാറായതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പിവി നരസിംഹറാവുവിന്റെ നിലപാട് കൊടും ചതിയായിരുന്നു എന്ന് കരുണാകരന്‍ പറഞ്ഞിരുന്നു. 

ചാരക്കേസ് നാളുകളില്‍ നരസിംഹറാവു കൈവിട്ടില്ലായിരുന്നു എങ്കില്‍ കരുണാകരന് ഇത്ര അപചയം ഉണ്ടായില്ലായിരുന്നു. കരുണാകരന്റെ ജീവിതത്തിലെ കറുത്തപാട് മരണശേഷമെങ്കിലും മാറിയതില്‍ സന്തോഷമുണ്ട്. ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്. അതാണ് സുപ്രീംകോടതി വിധിയെന്നും കെ മുരളീധരന്‍ പറഞ്ഞു. 

കേരളത്തിലെ കോണ്‍ഗ്രസിലെ അഞ്ചു നേതാക്കളാണ് കെ കരുണാകരന്റെ മുഖ്യമന്ത്രിപദം തെറിക്കാന്‍ കാരണമായ ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മൊഴി നല്‍കുമെന്നും പത്മജ പ്രതികരിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ പത്മജയെ തള്ളി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ചാരക്കേസില്‍ നരസിംഹറാവുവാണ് കരുണാകരനെ ചതിച്ചത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ കേരളത്തിലെ നേതാക്കള്‍ക്ക് പങ്കുള്ളതായി തനിക്ക് അറിവില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com