തുടരന്വേഷണം വേണ്ട , നിലവിലെ തെളിവുകള്‍ തന്നെ മതി കേസ് തെളിയിക്കാന്‍ : വിജിലന്‍സ് മുന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍

അഴിമതി നടത്തിയവര്‍ ആരായാലും അവരെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരണം
തുടരന്വേഷണം വേണ്ട , നിലവിലെ തെളിവുകള്‍ തന്നെ മതി കേസ് തെളിയിക്കാന്‍ : വിജിലന്‍സ് മുന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍

കൊച്ചി : ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളിയതിനെ സ്വാഗതം ചെയ്ത് മുന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ കെ പി സതീശന്‍. കേസില്‍ തുടര്‍ അന്വേഷണം വേണ്ട. നിലവിലെ തെളിവുകള്‍ തന്നെ മതി കേസ് തെളിയിക്കാനെന്ന് അഡ്വ കെ പി സതീശന്‍ പറഞ്ഞു. പുനരന്വേഷണം ഇല്ലാതെ കിട്ടിയ തെളിവുകള്‍ കൊണ്ടു തന്നെ ശിക്ഷിക്കാനാകുമെന്നും കെപി സതീശന്‍ പറഞ്ഞു. 

താന്‍ കേസില്‍ പ്രോസിക്യൂട്ടര്‍ അയിരിക്കെ, കേസില്‍ ഇന്ന രീതിയില്‍ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. എന്നു മാത്രമല്ല, കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.  അന്നും താന്‍ വിജിലന്‍സിന്റെ നിലപാടിനെ ചോദ്യം ചെയ്തിരുന്നുവെന്ന് അഡ്വ കെപി സതീശന്‍ വ്യക്തമാക്കി. 

ബാര്‍ കോഴക്കേസിന്റെ ചുമതലയില്‍ നിന്നും തന്നെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകാമെന്ന് കെപി സതീശന്‍ പറഞ്ഞു. എന്നാല്‍ അത് എന്തിനായിരുന്നു എന്ന് തനിക്ക് മനസ്സിലായിട്ടില്ല. ഈ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ അഴിമതിക്കെതിരാണ് എന്നാണ്. വിജിലന്‍സും അഴിമതിക്കെതിരാണ്. താനും അഴിമതിക്കെതിരാണ്. എന്നിട്ടും അഴിമതിക്കെതിരെ നിലപാട് എടുത്തതിന് തന്നെ മാറ്റുകയായിരുന്നു. 

കേസില്‍ കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. മാണിക്ക് ആദ്യം ക്ലീന്‍ ചിറ്റ് നല്‍കിയപ്പോള്‍ വിന്‍സണ്‍ എം പോള്‍ ആയിരുന്നു വിജിലന്‍സ് ഡയറക്ടര്‍. എന്നാല്‍ കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു കേസന്വേഷിച്ച എസ്പി സുകേശന്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വിജിലന്‍സ് കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. പിന്നീട് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുമ്പോള്‍ ശങ്കര്‍ റെഡ്ഡി ആയിരുന്നു വിജിലന്‍സ് ഡയറക്ടര്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ശങ്കര്‍ റെഡ്ഡിയാണ്. ആദ്യ റിപ്പോര്‍ട്ട് മലയാളി ഉദ്യോഗസ്ഥന്റെ ഇംഗ്ലീഷാണെങ്കില്‍, രണ്ടാമത്തെ റിപ്പോര്‍ട്ടിലെ ഇംഗ്ലീഷ് ഉത്തരേന്ത്യക്കാരന്റേതാണ് എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. അഡ്വ. കെപി സതീശന്‍ പറഞ്ഞു. 

അഴിമതി നടത്തിയവര്‍ ആരായാലും അവരെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ അനുവദിച്ചാല്‍ നിലവിലെ തെളിവുകള്‍ വെച്ചുകൊണ്ടുതന്നെ കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനാകും. കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ ഹാജരാകുന്നതിന് ഇപ്പോള്‍ തനിക്ക് വിലക്കുകള്‍ ഒന്നുമില്ലെന്നും അഡ്വ. കെപി സതീശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com