ബിഷപ്പിന്റെ ചോദ്യംചെയ്യല്‍ ഇന്നും തുടരും; അറസ്റ്റിലേക്കെന്ന് സൂചന 

ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐജി യോഗത്തിലെ വിലയിരുത്തല്‍
ബിഷപ്പിന്റെ ചോദ്യംചെയ്യല്‍ ഇന്നും തുടരും; അറസ്റ്റിലേക്കെന്ന് സൂചന 

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്ന് രാവിലെ 11മണിക്ക് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാനാണ് ബിഷപ്പിനോടാവശ്യപ്പെട്ടിരിക്കുന്നത്. കേസ്സില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

കന്യാസ്ത്രീയുടെ രഹസ്യ മൊഴി തെളിവായി സ്വീകരിച്ചായിരിക്കും അറസ്‌റ്റെന്നാണ് സൂചന. തെളിവുകള്‍ നിരത്തി ക്രോസ് വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുക. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ഇന്നലെ ബിഷപ്പ് നിഷേധിച്ചിരുന്നു.

ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐജി യോഗത്തിലെ വിലയിരുത്തല്‍. അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണസംഘം യോഗത്തില്‍ ആവര്‍ത്തിച്ചു. 

ഇന്നലെ നടന്ന ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്ന് ബിഷപ് അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചു. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ഏതാനും ഫോട്ടോകള്‍, മെസേജുകള്‍ എന്നിവ ഹാജരാക്കിയതായും സൂചനയുണ്ട്.

കുറവിലങ്ങാട് മഠത്തില്‍ തങ്ങിയിട്ടില്ലെന്ന മൊഴിയിലും ഉറച്ചുനിന്നു. ചില തെളിവുകള്‍  പൊലീസിനു കൈമാറിയിട്ടുണ്ടെന്നു ബിഷപ്പിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ബിഷപ്പിന്റെ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണു സൂചന.

മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. രാവിലെ വന്നതുപോലെ നാടകീയമായി തന്നെയായിരുന്നു ബിഷപ്പിന്റെ മടക്കവും. മാധ്യമങ്ങള്‍ക്കു മുഖം നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ അന്വേഷണസംഘം ചോദ്യം ചെയ്തതു റിപ്പോര്‍ട്ടു ചെയ്യാന്‍ ദേശീയ മാധ്യമങ്ങളടക്കം വന്‍പടയാണ് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com