ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം ; ചരിത്ര വിധിയുമായി സുപ്രിംകോടതി

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം ; ചരിത്ര വിധിയുമായി സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചം​ഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്
Published on

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കാമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്.   ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണ്. സ്ത്രീകളെ ഒരു തരത്തിലും പുരുഷന്മാരുടെ കീഴെയായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശാരീരികവും ജൈവികവുമായ കാരണങ്ങള്‍ വിവേചനത്തിന് കാരണമാകരുതെന്നും കോടതി നിരീക്ഷിച്ചു. 

അയ്യപ്പ ഭക്തര്‍ എന്നത് പ്രത്യേക മതവിഭാ​ഗമല്ല. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് കോടതി റദ്ദാക്കി. ആര്‍ട്ടിക്കിള്‍ 25 എല്ലാവരെയും സംരക്ഷിക്കുന്നു. ശാരീരികമായ അവസ്ഥകള്‍ ആരാധനാ അവകാശത്തെ ഹനിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഏകാഭിപ്രായം നടത്തിയപ്പോള്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമേ ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.
 

പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷ'നാണ് 2006ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ്, പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, 'റെഡി ടു വെയ്റ്റ്', തുടങ്ങിയവര്‍ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹര്‍ജിക്കാര്‍ക്കു പുറമേ 'ഹാപ്പി ടു ബ്ലീഡ്' സംഘടന തുടങ്ങിയവര്‍ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചു. മുന്‍ നിലപാട് തിരുത്തി കേരള സര്‍ക്കാറും സ്ത്രീ പ്രവേശനത്തെ പിന്തുണച്ചു. 

കേസില്‍ കോടതിയെ സഹായിക്കാനായി രണ്ട് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിച്ചിരുന്നത്. ഇതില്‍ രാജു രാമചന്ദ്രന്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് കോടതി എടുക്കേണ്ടതെന്ന് രാജു രാമചന്ദ്രന്‍ വാദിച്ചു. എന്നാല്‍ രണ്ടാമത്തെ അമിക്കസ് ക്യൂറി കെ രാമമൂര്‍ത്തി സ്ത്രീപ്രവേശനത്തെ ശക്തമായി എതിര്‍ത്തു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അതേപോലെ സംരക്ഷിക്കണം എന്നതായിരുന്നു രാമമൂര്‍ത്തിയുടെ വാദം. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങും മുമ്പുള്ള ചരിത്രപ്രധാനമായ മറ്റൊരുവിധി കൂടിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഉണ്ടായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com