'മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്'; ശബരിമല കർമ്മസമിതിയുടെ നാമജപ പ്രതിഷേധം ഇന്ന്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 08:23 AM  |  

Last Updated: 13th April 2019 08:23 AM  |   A+A-   |  

SHABARIMALA

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ശബരിമല  വിഷയം സജീവ ചർച്ചയാക്കുന്നതിന്റെ ഭാ​ഗമായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നാമജപ പ്രതിഷേധം നടക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലാണ് സമിതിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം നടക്കുക.'മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്'എന്ന മുദ്രാവാക്യവുമായാണ് ശബരിമല കർമ്മസമിതി രം​ഗത്തുള്ളത്. 

സംസ്ഥാനത്തുടനീളം നോട്ടീസുകൾ വിതരണം ചെയ്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും സജീവമാണ് സമിതിയുടെ പ്രവർത്തനങ്ങൾ.  വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തും സമിതി രം​ഗത്തുണ്ട്. ശബരിമല സമരത്തിൽ പങ്കെടുത്തവർക്കെതിരെ കള്ളക്കേസുകൾ എടുക്കുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 

തെര‍ഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാർത്ഥികളേക്കുറിച്ചോ നോട്ടീസില്‍ പരാമർശമൊന്നും ഇല്ലെങ്കിലും  സമിതിക്കെതിരെ ഇടതുമുന്നണി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. നോട്ടീസിൽ തെരഞ്ഞെടുപ്പിനേക്കുറിച്ച് നേരിട്ടുള്ള പരാമർശം നടത്താത്തത് തന്ത്രമാണെന്നും ദൈവത്തിന്‍റെ പേരിൽ വോട്ടർമാരെ ബിജെപിക്ക് വേണ്ടി സ്വാധീനിക്കുകയാണ് ഉദ്ദശമെന്നും പരാതിയിൽ ആരോപിച്ചു.