മൂന്നു വയസ്സുകാരന്റെ മരണം : അച്ഛന്‍ തളര്‍ന്നു വീണു, കൂസലില്ലാതെ അമ്മ, ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം

നിയമപരമായി വിവാഹം കഴിച്ചതാണോ എന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം
മൂന്നു വയസ്സുകാരന്റെ മരണം : അച്ഛന്‍ തളര്‍ന്നു വീണു, കൂസലില്ലാതെ അമ്മ, ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം

കൊച്ചി: ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും. കളമശേരി പൊലീസിന്റെ നേതൃത്വത്തില്‍ നേരത്തെയും പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ അമ്മ പീഡിപ്പിച്ചിരുന്നത് യുവാവിന്റെ അറിവോടെയായിരുന്നോ എന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇത് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയേക്കും. 

രാവിലെ കുട്ടിയുടെ നില അതീവ ഗുരുതരമായപ്പോള്‍ കസ്റ്റഡിയിലുള്ള അച്ഛനെ കുട്ടിയെ അവസാനമായി കാണാന്‍ പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അവനെ അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ അയാള്‍ അവിടെ തളര്‍ന്നു വീണു. അതേ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് പിന്നീട് സ്‌റ്റേഷനിലേക്ക് മടങ്ങിയത്.

അതേസമയം കുട്ടിയുടെ മറ്റ് ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. ഇതുവരെയും ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അമ്മയുടെയും അച്ഛന്റെയും നാടായ ജാര്‍ഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറിയ ശേഷമാകും കുട്ടിയുടെ സംസ്‌കാരകാര്യത്തില്‍ തീരുമാനം എടുക്കുക. നേരത്തെ കുട്ടിയുടെ മൃതദേഹം കൊച്ചിയില്‍ സംസ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സംസ്‌കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ കുട്ടിയുടെ അമ്മയ്ക്ക്  അവസരം നല്‍കും. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അറസ്റ്റ് ചെയ്തപ്പോഴും, തെളിവെടുപ്പിനായി ഏലൂരില്‍ എത്തിച്ചപ്പോഴും, കുട്ടിയുടെ മരണവിവരം അറിയിച്ചപ്പോഴും നിര്‍വികാരയായാണ് അമ്മ പെരുമാറിയത്. ഇതോടെ ഇവര്‍ തന്നെയാണോ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. നിയമപരമായി വിവാഹം കഴിച്ചതാണോ എന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com