വയറ്റിലും ശ്വാസകോശത്തിലും മണ്ണ് ; മനുവിനെ കുഴിച്ചിട്ടത് ജീവനോടെ ? ; തെളിവ് ലഭിക്കാതിരിക്കാന്‍ പൂര്‍ണനഗ്നനാക്കി

തെളിവ് നശിപ്പിക്കുന്നതിനായി മനുവിന്റെ വസ്ത്രങ്ങള്‍ കടപ്പുറത്തുവച്ച് പെട്രോളൊഴിച്ച് തീയിട്ടു. പൂര്‍ണ നഗ്‌നനാക്കിയാണ് കുഴിച്ചിട്ടത്
വയറ്റിലും ശ്വാസകോശത്തിലും മണ്ണ് ; മനുവിനെ കുഴിച്ചിട്ടത് ജീവനോടെ ? ; തെളിവ് ലഭിക്കാതിരിക്കാന്‍ പൂര്‍ണനഗ്നനാക്കി

അലപ്പുഴ : പറവൂരില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മനുവിനെ പ്രതികള്‍ ജീവനോടെ കുഴിച്ചിട്ടതായി അന്വേഷണസംഘത്തിന്റെ സംശയം. മരിച്ച മനുവിന്റെ വയറ്റിലും ശ്വാസകോശത്തിലും മണ്ണ് കണ്ടെത്തിയെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്താലാണ് ഈ നിഗമനത്തിന് കാരണം. വിശദമായ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞേ അന്വേഷണസംഘത്തിന് ലഭിക്കുകയുള്ളൂ. 

കേസിലെ പ്രധാനപ്രതികളില്‍ നാലാമനായ പുന്നപ്ര പനയ്ക്കല്‍ ആന്റണി സേവ്യര്‍ (വിപിന്‍-24) ഇന്നലെ പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ ആറായി. മൃതദേഹം മറവുചെയ്യാന്‍ കൂട്ടുനിന്ന നാലുപേര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ 19 ന് രാത്രിയിലാണ് മണ്ണഞ്ചേരി സ്വദേശിയായ മനു കൊല്ലപ്പെട്ടത്. പറവൂരില്‍ സഹോദരി മഞ്ജുവിന്റെ വീടായ രണ്ടുതൈയിലെത്തിയ മനു വൈകീട്ടോടെ ജംഗ്ഷനിലുള്ള ബാറില്‍ മദ്യപിക്കാനെത്തിയതായിരുന്നു. ഈ സമയം പ്രതികളായ നാലംഗസംഘം ബാറിലെത്തി. മുന്‍വൈരാഗ്യമുള്ള മനുവിനെ കണ്ടതോടെ വാക്കേറ്റമുണ്ടാകുകയും, മര്‍ദിച്ച് മൃതപ്രായനാക്കിയശേഷം ബൈക്കില്‍ കടപ്പുറത്ത് എത്തിച്ച് കുഴിച്ചിടുകയുമായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. 

തെളിവ് നശിപ്പിക്കുന്നതിനായി മനുവിന്റെ വസ്ത്രങ്ങള്‍ കടപ്പുറത്തുവച്ച് പെട്രോളൊഴിച്ച് തീയിട്ടു. പൂര്‍ണ നഗ്‌നനാക്കിയാണ് കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചുമൂടാനുള്ള മണ്‍വെട്ടി അടുത്തുള്ള ഷെഡ്ഡിന് സമീപത്തുനിന്ന് സംഘടിപ്പിച്ചു. മനുവിന്റെ കത്തിയ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും ചെരുപ്പും വെള്ളിയാഴ്ച ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചിരുന്നു. പറവൂര്‍ ഗലീലിയ കടപ്പുറം താവളമാക്കിയ പ്രതികളുടെ സ്ഥലപരിചയമാണ് രാത്രിയില്‍ കൃത്യം നിറവേറ്റി രക്ഷപ്പെടാന്‍ ഇവരെ സഹായിച്ചത്. 

അപ്പാപ്പന്‍ പത്രോസ് എന്ന പത്രോസ് ജോണ്‍ (28), സനീഷ് എന്ന സൈമണ്‍ (29) എന്നിവരാണ് ആദ്യം പിടിയിലായത്. മനുവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയെന്നാണ് പൊലീസിനോട് പ്രതികള്‍ ആദ്യം പറഞ്ഞത്. പിന്നീട് പിടിയിലായ ഓമനക്കുട്ടന്‍ എന്ന ജോസഫ് (19), കൊച്ചുമോന്‍ എന്ന സെബാസ്റ്റ്യന്‍ (39) എന്നിവരാണ് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സൈമണിന്റെ സഹോദരനായ സനുവിനെ മനു വെട്ടി പരിക്കേല്‍പ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com