സൂര്യഗ്രഹണം : ശബരിമല നട നാളെ നാലു മണിക്കൂര്‍ അടച്ചിടും ; തീര്‍ത്ഥാടകരെ വഴിയില്‍ തടയും ; കര്‍ശന നിയന്ത്രണം

മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍11.30 വരെ നട അടച്ചിടും
സൂര്യഗ്രഹണം : ശബരിമല നട നാളെ നാലു മണിക്കൂര്‍ അടച്ചിടും ; തീര്‍ത്ഥാടകരെ വഴിയില്‍ തടയും ; കര്‍ശന നിയന്ത്രണം

ശബരിമല:  സൂര്യഗ്രഹണസമയത്ത് ശബരിമല നട രാവിലെ 7.30 മുതല്‍ 11.30 വരെ അടച്ചിടും. സൂര്യഗ്രഹണ ദിനമായ നാളെ പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതല്‍  6.45 വരെ നെയ്യഭിഷേകം. ഉഷപൂജ കഴിച്ച് 7.30ന് നട അടയ്ക്കും. രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അയ്യപ്പനെയ്യഭിഷേകം. കളഭാഭിഷേകം അതിന് ശേഷം ഉച്ചപൂജ.അത് കഴിഞ്ഞ് നട അടയ്ക്കും.

മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍11.30 വരെ നട അടച്ചിടും. അന്നുവൈകീട്ട് ശ്രീകോവില്‍ അഞ്ച് മണിക്കാവും തുറക്കുക. തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ അഞ്ചരയോടെ നടയില്‍ എത്തി ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ സ്വീകരണം നല്‍കി ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25ന് തങ്ക അങ്കപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്ര തന്ത്രിയും  മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.  തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും.

സൂര്യഗ്രഹണ ദിവസമായ 26ന് ശബരിമല തീര്‍ത്ഥാടകരെ പൊലീസ് വഴിയില്‍ നിയന്ത്രിക്കും. സന്നിധാനം അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹനങ്ങളും തീര്‍ഥാടകരും നിറഞ്ഞു കഴിയുമ്പോഴാകും ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകരെ വഴിയില്‍ നിയന്ത്രിക്കുന്നത്.

സന്നിധാനത്തും നിലയ്ക്കലിലും തിരക്ക് കുറയുന്നത് അനുസരിച്ചു തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തി വിടും. ക്രിസ്മസ്, തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന, മണ്ഡലപൂജ എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതു കൊണ്ടാണു തീര്‍ഥാടകരെ നിയന്ത്രിക്കേണ്ടി വരുന്നതെന്ന് എസ്പി പറഞ്ഞു.

26ന് തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന ദിവസമാണ്. അന്നു തന്നെയാണ് സൂര്യഗ്രഹണവും. ഗ്രഹണത്തിനു ശേഷം ശുദ്ധിക്രിയ നടത്തി വീണ്ടും നട തുറക്കുന്നതിനിടെ നഷ്ടമാവുക അഞ്ചു മണിക്കൂര്‍ ദര്‍ശന സമയമാണ്. ഈ സമയത്ത് തീര്‍ഥാടകര്‍ സന്നിധാനത്ത് തടിച്ചു കൂടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പയിലും കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതു കൊണ്ടാണു നിലയ്ക്കലില്‍ തീര്‍ഥാടകരെ തടയുന്നത്. 25ന് രാത്രിയില്‍ സന്നിധാനത്ത് തങ്ങുന്നവരുടെ എണ്ണം കണക്കാക്കി, 26ന് പുലര്‍ച്ചെ നാലു മുതല്‍ വഴിയില്‍ തീര്‍ഥാടകരെ തടയാനാണ് പൊലീസ് ആലോചിക്കുന്നത്. തിരക്കിന് അനുസരിച്ചായിരിക്കും തീര്‍ത്ഥാടകരെ മലചവിട്ടാന്‍ അനുവദിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com