'ഒരാളുടെ ആചാരം മറ്റൊരാള്‍ക്ക് അനാചാരമാവാം, അതു യുക്തികൊണ്ടു പരിശോധിക്കാനാവില്ല'

'ഒരാളുടെ ആചാരം മറ്റൊരാള്‍ക്ക് അനാചാരമാവാം, അതു യുക്തികൊണ്ടു പരിശോധിക്കാനാവില്ല'
'ഒരാളുടെ ആചാരം മറ്റൊരാള്‍ക്ക് അനാചാരമാവാം, അതു യുക്തികൊണ്ടു പരിശോധിക്കാനാവില്ല'

ന്യൂഡല്‍ഹി: ഒരാളുടെ ആചാരം മറ്റൊരാള്‍ക്ക് അനാചാരമാവാമെന്നും യുക്തി വച്ച് അതിനെ പരിശോധിക്കാനാവില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കട്ടരാമന്‍ സുപ്രിം കോടതിയില്‍. വിശ്വാസം വിശ്വാസം മാത്രമാണ്. അതിനെ അനുവദനീയമായ വിശ്വാസമെന്നും അനുമതിയില്ലാത്ത വിശ്വാസമെന്നും വേര്‍തിരിക്കാനാവില്ലെന്നും ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജിയുടെ വാദത്തിനിടെ വെങ്കട്ടരാമന്‍ അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കിയ കേരള ഹൈക്കോടതിയുടെ 1991ലെ വിധി തെളിവുകള്‍ പരിശോധിച്ച ശേഷമാണെന്ന് വെങ്കട്ടരാമന്‍ ചൂണ്ടിക്കാട്ടി. ആ വിധിയെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ അന്തിമ വിധി അതാണെന്ന് അദ്ദേഹം പറഞ്ഞു. 

ഒരാള്‍ക്ക് ഒരു വിശ്വാസത്തിന്റെ ഭാഗമാവുകയോ അതില്‍നിന്നു മാറിനില്‍ക്കുകയോ ചെയ്യാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കട്ടരമണി വാദിച്ചു. എന്നാല്‍ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് അതിന്റെ ഭാഗമാവാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 

അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കാനാവില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ പുനപ്പരിശോധിക്കേണ്ടതുണ്ടെന്ന് ബി രാധാകൃഷ്ണമേനോനു വേണ്ടി ഹാജരായ മോഹന്‍ പരാശരന്‍ വാദിച്ചു. വിവിധ മതവിശ്വാസികള്‍ എത്തുന്നുണ്ട് എന്നതിന്റെ പേരില്‍ പ്രത്യേക വിഭാഗമായി കാണാനാവില്ല എന്ന വാദം നിലനില്‍ക്കില്ലെന്ന് മോഹന്‍ പരാശരന്‍ അഭിപ്രായപ്പെട്ടു.

ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളുള്ള പല ക്ഷേത്രങ്ങളും ഇന്ത്യയിലുണ്ടെന്ന് ഗോപാല്‍ ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. ശബരിമല കേസിലെ വിധി അവയെയെല്ലാം ബാധിക്കുന്നതാണ്. എന്നാല്‍ ഈ കേസില്‍ അവരെയൊന്നും കേട്ടിട്ടില്ലെന്ന് ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.

സുപ്രിം കോടതി റദ്ദാക്കിയ കേരള ക്ഷേത്ര പ്രവേശന നിയമം സംസ്ഥാനത്തെ എല്ലാ ദ്വേവസ്വം ബോര്‍ഡുകള്‍ക്കും ബാധകമാണ്. എന്നാല്‍ അവരുടെ ഭാഗം കേട്ടിട്ടില്ലെന്ന് ഗോപാല്‍ ശങ്കരനാരായണന്‍  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com