ഷുക്കൂര്‍ വധക്കേസില്‍ അടിയന്തരപ്രമേയ നോട്ടീസ് ; അനുമതി നിഷേധിച്ചു, വാക്കൗട്ട്, സഭ പിരിഞ്ഞു

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസ് എംഎല്‍എ സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യമാണെന്നും, സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു. 

എന്നാല്‍ സ്പീക്കറുടെ നടപടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. മുമ്പ് സൂര്യനെല്ലി, സോളാര്‍, വിദേശ കപ്പലിടിച്ച് മല്‍സ്യ തൊഴിലാളികള്‍ മരിച്ച സംഭവം തുടങ്ങിയവ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.  സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. 

തുടര്‍ന്ന് നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. എംഎല്‍എയെ വധഗൂഢാലോചനക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തത് ഗൗരവമേറിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്യാശേരി എംഎല്‍എ ടിവി രാജേഷ് എന്നിവരെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. ജയരാജന് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. കേസില്‍ ജയരാജന്‍ 32 ഉം, രാജേഷ് 33 ആം പ്രതിയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com