എറണാകുളം മുനമ്പം വഴി മനുഷ്യക്കടത്ത്: 40ഓളം പേരുടെ സംഘം ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയം

തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
എറണാകുളം മുനമ്പം വഴി മനുഷ്യക്കടത്ത്: 40ഓളം പേരുടെ സംഘം ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയം

കൊച്ചി: എറണാകുളം ജില്ലയിലെ മുനമ്പം വഴി മനുഷ്യക്കടത്ത് നടന്നതായി സംശയം. മുനമ്പം ഹാര്‍ബര്‍ വഴി മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം ഓസ്‌ട്രേല്യയിലേക്ക് കടന്നതായാണ് വിവരം. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മാല്യങ്കര കടവില്‍ യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ എട്ട് ബാഗുകള്‍ കൂടികിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധ്രയില്‍പ്പെട്ടത്. 

പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവിടെ നിന്നു കടന്നവര്‍ ശ്രീലങ്കന്‍ വംശജരോ, തമിഴ്‌നാട് സ്വദേശികളോ ആണെന്ന് വ്യക്തമായി.

പത്ത് പേരടങ്ങുന്ന സംഘമായി ഇവര്‍ സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്‌ട്രേലിയയിലെത്തുന്നത്. മുനമ്പം വഴി ഓസ്‌ട്രേലിയയിലേക്കും ന്യൂസീലാന്‍ഡിലേക്കും മനുഷ്യക്കടത്ത് നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com