

കൊച്ചി: എറണാകുളം മുനമ്പം ഹാര്‍ബര്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കടന്നുവെന്ന് സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്മസ് ദ്വീപിലേക്കാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് വിവരം. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.
കൊച്ചി വഴി മുന്‍പും മനുഷ്യക്കടത്ത് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലെന്നും വിവരമുണ്ട്. രണ്ടുദിവസം മുന്‍പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തു നിന്ന് മത്സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്.
മുനമ്പത്തും കൊടുങ്ങല്ലൂരിലുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാമ്പുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി സമാനരീതിയില്‍ ഓസ്‌ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.
തമിഴ്‌നാട്ടിലെ ഈ അഭയാര്‍ഥി ക്യാപികളില്‍ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും സംശയമുണ്ട്. ഇതിനിടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 42 പേരെക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. നെടുമ്പാശേരി വിമാനത്താവളം വഴി ചിലര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സംഘത്തില്‍ ഒരു ഗര്‍ഭിണിയുണ്ടെന്നും ഇവര്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിയിരുന്നതായും പൊലീസിന് സംശയമുണ്ട്. 42 പേരും മുനമ്പത്തുനിന്നല്ല ബോട്ടില്‍ കയറിയതെന്നാണ് കരുതുന്നത്. പ്രദേശവാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സമീപത്തെ വിവിധ തീരങ്ങളിലേക്ക് ബോട്ട് അടുപ്പിക്കുകയായിരിക്കാം. മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. 16 അംഗ അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates