യുവതികളുടെ പട്ടികയില്‍ തിരിമറി?; 50 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് സ്ത്രീകള്‍, സര്‍ക്കാരിന്റേത് തട്ടിപ്പെന്ന് വിമര്‍ശനം

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ വിശദാംശങ്ങള്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ തിരിമറിയെന്ന് ആക്ഷേപം
യുവതികളുടെ പട്ടികയില്‍ തിരിമറി?; 50 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് സ്ത്രീകള്‍, സര്‍ക്കാരിന്റേത് തട്ടിപ്പെന്ന് വിമര്‍ശനം

കൊച്ചി:ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ വിശദാംശങ്ങള്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ തിരിമറിയെന്ന് ആക്ഷേപം. പത്തിനും അന്‍പതിനും ഇടയ്ക്കു പ്രായമുള്ള 7564 സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയതുവെന്നും, അവരില്‍ 51 പേര്‍ ദര്‍ശനം നടത്തിയെന്നുമാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ 50 വയസിന് മുകളില്‍ പ്രായമുണ്ടെന്ന വെളിപ്പെടുത്തലുമായി പട്ടികയില്‍ ഉള്‍പ്പെട്ട ഏതാനും സ്ത്രീകള്‍ രംഗത്തുവന്നു. പട്ടിക തട്ടിപ്പാണെന്ന് ബിജെപി നേതാക്കളും അയ്യപ്പധര്‍മ്മ സേനയും ആരോപിച്ചു. 

സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയ്‌ക്കെതിരെ ദര്‍ശനം നടത്തിയ സ്ത്രീകളില്‍ പലരും രംഗത്തുവന്നു. തനിക്ക് 52 വയസുണ്ടെന്ന് പട്ടികയില്‍ ഏഴാം സ്ഥാനക്കാരിയായ ഗോവസ്വദേശിനി കലാവതി മനോഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഹൈദരാബാദ് സ്വദേശിനിയായ പത്മാവതിയും സമാനമായ ആരോപണം ഉന്നയിച്ചു. തനിക്ക് 53 വയസുണ്ടെന്നും ആധാറില്‍ പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പത്മാവതി ആരോപിക്കുന്നു.

ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയത് കള്ളറിപ്പോര്‍ട്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിത്.കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്‌ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ വാദം അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍ തളളി. സര്‍ക്കാര്‍ കോടതിയില്‍ ഉളുപ്പില്ലാതെ കള്ളം പറയുകയാണ്. കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു

ശബരിമലയില്‍ ദര്‍ശനം നടത്തിയവരുടേതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടികയില്‍ കേരളത്തില്‍ വിലാസമുള്ള ഒരാള്‍ പോലുമില്ല. തമിഴ്‌നാട്ടില്‍നിന്ന് 25 പേരും ആന്ധ്രയില്‍നിന്ന് 20 പേരുമാണ് പട്ടികയിലുള്ളത്. നേരത്തെ വിവാദമായ ശ്രീലങ്കന്‍ സ്വദേശിയുടെ പേരും പട്ടികയില്‍ ഇല്ല.

തെലങ്കാനയില്‍നിന്ന് മൂന്നു പേരും കര്‍ണാടക, പുതുച്ചേരി, ഗോവ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരുമാണ് പട്ടികയിലുള്ളത്. പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യുകയും ദര്‍ശനത്തിന് എത്തുകയും ചെയ്തവരുടെ പട്ടികയാണിത്. 

ഈ മണ്ഡലം മകര വിളക്കു കാലത്ത് പതിനാലു ലക്ഷം പേര്‍ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 8.2 ലക്ഷം  പേരാണ് ദര്‍ശനത്തിന് എത്തിയത്. ഇവര്‍ പ്രശ്‌നമൊന്നുമില്ലാതെയാണ് ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിര്‍ച്വല്‍ ക്യൂ ഉപയോഗിക്കാതെ സാധാരണ രീതിയില്‍ ദര്‍ശനം നടത്തിയവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്. നവംബര്‍ 16 മുതല്‍ 44 ലക്ഷം പേരാണ് ശബരിമലയില്‍ എത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com