ശബരിമല വിധി നടപ്പാക്കിയതു ഭരണഘടനയോടു കൂറുള്ളതിനാല്‍, കേന്ദ്രത്തിനു പഴി; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

വികസന നേട്ടങ്ങളെ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നിരസിക്കുന്നത്. പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി നിന്ന സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു
ശബരിമല വിധി നടപ്പാക്കിയതു ഭരണഘടനയോടു കൂറുള്ളതിനാല്‍, കേന്ദ്രത്തിനു പഴി; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
Updated on
1 min read

തിരുവനന്തപുരം : ഭരണഘടനയോട് കൂറുള്ള സര്‍ക്കാരായതിനാലാണ് ശബരിമല കേസിലെ സുപ്രിംകോടതി വിധി നടപ്പിലാക്കിയതെന്ന് ഗവര്‍ണര്‍ പി സദാശിവം. ലിംഗസമത്വം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. വനിതാ മതില്‍ കേരളത്തിലെ സ്ത്രീകളുടെ ഐക്യമാണ് കാണിച്ചതെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 50ലക്ഷത്തിലേറെ സ്ത്രീകള്‍ ലിംഗസമത്വവും നവോത്ഥാനവും ഉയര്‍ത്തിക്കാട്ടി ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ബഹളം നിര്‍ത്തി താന്‍ പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ പറഞ്ഞ ശേഷം ഗവര്‍ണര്‍ സംസാരിക്കുന്നത് തുടര്‍ന്നു.

വിവിധ മേഖലകളില്‍ സംസ്ഥാനം വികസനം കൈവരിച്ചതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും സഹായങ്ങള്‍ നിഷേധിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വികസന നേട്ടങ്ങളെ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നിരസിക്കുന്നത്. പ്രളയക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി നിന്ന സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികള്‍ക്കും കേന്ദ്രസേനയ്ക്കും സാലറി ചലഞ്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു. പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകടന പത്രികയില്‍ ജനങ്ങളോട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. കൊല്ലം ബൈപ്പാസ്, ഗെയില്‍ പൈപ്പ് ലൈന്‍ - കൊച്ചി- ഇടമണ്‍ പാത വൈദ്യൂതീകരണം, വൈറോളജി ഇന്‍സ്റ്റിയൂട്ട് എന്നിവ പൂര്‍ത്തീകരിച്ചു.

അഴിമതി ഇല്ലാത്തതും വര്‍ഗ്ഗീയ കലാപങ്ങള്‍ ഇല്ലാത്തതുമായ ഏക സംസ്ഥാനം കേരളമാണെന്നും അദ്‌ദേഹം പറഞ്ഞു. ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സിലും എസ്ഡിജി ഇന്‍ഡക്‌സിലും ഒന്നാമതെത്തി. സൈബര്‍ ഇന്‍വെസ്റ്റിഗേഷനില്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.

വനിതാക്ഷേമ പദ്ധികളും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതികളും സര്‍ക്കാര്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കിവരുന്നു. ഇതിന് പുറമേ ശക്തമായ ട്രാന്‍സ്‌ജെന്‍ഡര്‍ നയം ആവിഷ്‌കരിക്കുകയും അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള തൊഴാല്‍സാഹചര്യം ഒരുക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസിയില്‍ വര്‍ഷങ്ങളായി മുടക്കിക്കിടന്ന ശമ്പളക്കുടിശ്ശിക ഈ സര്‍ക്കാര്‍ തീര്‍ത്തു. ഇലക്ട്രിക് ബസുകള്‍ വിജയകരമായി പരീക്ഷിച്ചു. ഇത് വ്യാപകമായി നടപ്പിലാക്കാനുള്ള പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞതായും ഗവര്‍ണര്‍ വ്യക്തമാക്കി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാത്രം ലാഭവിഹിതമായി സര്‍ക്കാരിന് കിട്ടിയത് 31 കോടി രൂപയാണ്. ഇത് പിപിപി മോഡലിന്റെ വിജയത്തെയാണ് കാണിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. 
മലയോര -തീരദേശ ഹൈവേകളും കാസര്‍കോട് മുതല്‍ കോവളം വരെ നീളുന്ന ജലപാതയും വൈകാതെ പൂര്‍ത്തിയാക്കും. ഇതിന് പുറമേ സാംസ്‌കാരിക കേന്ദ്രങ്ങളും നവോത്ഥാന മ്യൂസിയവും സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

ഗ്രീന്‍ ക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലായി വരികയാണ്. സൗരോര്‍ജ്ജ പാനലുകളും മഴവെള്ള സംഭരണികളും സ്ഥാപിക്കുന്നതിനും ശുചിത്വ മിഷന്റെ സഹായത്തോടെ സ്‌കൂളുകളിലും വീടുകളിലും ബയോഗ്യാസ് പ്ലാന്റുകളും ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികളും നടപ്പിലാക്കുന്നതിനും തുടക്കം കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com