സിപിഎം ഓഫീസ് റെയ്ഡ് : ഡിസിപി  'തെറിച്ചു' ; ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്ക് തിരിച്ചയച്ചു

അവധിയിലായിരുന്ന ഡിസിപി ആർ ആദിത്യയെ ആഭ്യന്തരവകുപ്പ് മടക്കി വിളിച്ച് ചുമതലയേൽപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി
സിപിഎം ഓഫീസ് റെയ്ഡ് : ഡിസിപി  'തെറിച്ചു' ; ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം : പ്രതികളായ ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ മാറ്റി. ചുമതലയുണ്ടായിരുന്ന വനിതാ സെല്ലിലേക്കാണ് തിരിച്ച് അയച്ചത്. വനിതാ സെൽ എസ്പിയായ ചൈത്ര തേരസ ജോൺ ഡിസിപിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു. അവധിയിലായിരുന്ന ഡിസിപി ആർ ആദിത്യയെ ആഭ്യന്തരവകുപ്പ് മടക്കി വിളിച്ച് ചുമതലയേൽപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി. പാർട്ടി ഓഫീസിൽ അർധരാത്രി നടന്ന റെയ്ഡിന് പിന്നാലെ ആഭ്യന്തര വകുപ്പ് ചൈത്ര തെരേസ ജോണിനോട് വിശദീകരണം ചോദിച്ചിരുന്നു. 

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ  ഡിസിപിയുടെ നേതൃത്വത്തിൽ അർധരാത്രി റെയ്ഡ് നടത്തിയത്.  ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പൊലീസ് സംഘത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും തടഞ്ഞു.

പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിർദേശ പ്രകാരം നേതാക്കൾ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണ് പൊലീസിന് പിന്നീടു ലഭിച്ച വിവരം. റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു.

പോക്സോ കേസിൽ അറസ്റ്റിലായ 2 പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com