സിപിഎം ഓഫിസ് റെയ്ഡ് നിയമപരം; ചൈത്രയ്‌ക്കെതിരെ നടപടിക്കു ശുപാര്‍ശയില്ല, ജാഗ്രതക്കുറവെന്നു വിമര്‍ശനം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്കു സമര്‍പ്പിച്ചു
സിപിഎം ഓഫിസ് റെയ്ഡ് നിയമപരം; ചൈത്രയ്‌ക്കെതിരെ നടപടിക്കു ശുപാര്‍ശയില്ല, ജാഗ്രതക്കുറവെന്നു വിമര്‍ശനം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്കു സമര്‍പ്പിച്ചു. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ എന്നാണ് സൂചന. ചൈത്രയ്‌ക്കെതിരെ നടപടിക്കു ശുപാര്‍ശയില്ലെന്നും സൂചനയുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ചൈത്രയുടെ നടപടി നിയമപരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്, മെഡിക്കല്‍ കോളജ് ആക്രമണ കേസിലെ പ്രതികള്‍ക്കായി സിപിഎം ഓഫിസില്‍ റെയ്ഡ് നടത്തിയത്. ഇതിനു നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. സിപിഎം ഓഫിസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ചൈത്ര ശ്രമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ റെയ്ഡ് സമയത്ത് ഒപ്പമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയ നടപടിയില്‍ ചൈത്രയ്ക്കു ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചനകള്‍. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസില്‍ റെയ്ഡ് നടത്തുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവാനുള്ള സാധ്യത പരിഗണിക്കണമായിരുന്നു. ഇക്കാര്യം മേലുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്നതായിരുന്നു ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയ്ഡ് നടത്തിയ നടപടി പൂര്‍ണമായും നിയമത്തിന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്നത് ആയതിനാല്‍ ചൈത്രയ്‌ക്കെതിരെ റിപ്പോര്‍ട്ടില്‍ നടപടിക്കു ശുപാര്‍ശയില്ലെന്നാണ് വിവരം. എഡിജിപി മനോജ് എബ്രഹാം നേരിട്ടു തയാറാക്കിയ റിപ്പോര്‍ട്ട് ഡിജിപിക്കു സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിഗണിച്ച് നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഡിജിപിയാവും സ്വീകരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com