ഡിജിപി പറഞ്ഞിട്ടും മാറാതെ പൊലീസ്; വാദ്യകലാകാരനെ കസ്റ്റഡിയിലെടുത്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചു; ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി

നിസാര കേസുകള്‍ക്ക് രാത്രിയില്‍ ആളുകളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം കാറ്റില്‍ പറത്തി പൊലീസ്.
ഡിജിപി പറഞ്ഞിട്ടും മാറാതെ പൊലീസ്; വാദ്യകലാകാരനെ കസ്റ്റഡിയിലെടുത്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചു; ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി

തിരുവനന്തപുരം: നിസാര കേസുകള്‍ക്ക് രാത്രിയില്‍ ആളുകളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം കാറ്റില്‍ പറത്തി പൊലീസ്. തിരുവനന്തപുരത്ത് പ്രശസ്ഥ വാദ്യകലാകാരനെ രാത്രി മണിക്കൂറുകളോളം ഉടുതുണിയുരിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി. ചെണ്ട കലാകാരന്‍ സതീഷിനെയാണ് വഞ്ചിയൂര്‍ എസ്‌ഐ സബീര്‍ രാത്രി സ്റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മണിക്കൂറുകള്‍ നിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി സതീഷും കുടുംബവും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കുമെന്ന് സതീഷിന്റെ ഭാര്യ ധനുജ സമകാലിക മലയാളത്തോട് വ്യക്തമാക്കി. 

'നീ പറയനായതിന്റെ നെഗളിപ്പായിരിക്കും വെള്ളയും വെള്ളയും ഇട്ടുനടക്കുന്നത് അല്ലേടാ, നീയൊക്കെ എങ്ങനെ നടന്നാലും പറയന്‍ പറയന്‍ തന്നെ'  എന്ന് ആക്രോശിച്ച് അധിക്ഷേപിച്ചെന്ന് സതീഷ് പരാതിയില്‍ പറയുന്നു. 

രാത്രി പൊതുവഴിയില്‍ സിഗരറ്റ് വലിച്ചു എന്ന കുറ്റത്തിനാണ് സതീഷിനെ വഞ്ചിയൂര്‍ എസ്‌ഐ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയായ സതീഷ്, 48 മണിക്കൂര്‍ നിര്‍ത്താതെ ചെണ്ട വായിച്ചു ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കലാകാരനാണ്. ചെങ്കല്‍ച്ചൂളയിലെ ചെറുപ്പാക്കാരെ കലയുടെ ലോകത്തേക്ക് കൊണ്ടുവരനായി മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി തുടങ്ങിയ ഹൈനസ് സാംസ്‌കാരിക വേദിയുടെ ചെയര്‍മാനാണ് സതീഷ്. 

ഞായറാഴ്ച വൈകിട്ട് ശ്രീവരാഹം മഹാഗണപതി ക്ഷേത്രത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞു മടങ്ങുംവഴിയാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പെട്രോള്‍ തീര്‍ന്ന് വഴിയിലായി. കൂടെയുണ്ടായിരുന്നയാള്‍ പെട്രോള്‍ വാങ്ങാന്‍ പോയ സമയത്ത് സതീഷ് വഴിയോരത്ത് മാറി നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. ഇതേസമയത്ത് നൈറ്റ് പെട്രോളിങ്ങിനെത്തിയ എസ്‌ഐയും സംഘവും സതീഷിനോട് അപമര്യാദയായി പെരുമാറുകയായുരുന്നു എന്ന് പരാതിയില്‍ പറയുന്നു. 

സതീഷ് നല്‍കിയ പരാതി
 

താമസിക്കുന്നത് ചെങ്കല്‍ച്ചൂളയിലാണെന്ന് പറഞ്ഞപ്പോള്‍ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നും ദലിത് വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തെ ജാതി പറഞ്ഞ് അപമാനിക്കുകയായിരുന്നു എന്നും ധനുജ പറഞ്ഞു. 

'200 രൂപ പെറ്റിയടക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. പെട്രോള്‍ വാങ്ങി വരുന്നയാള്‍ വന്നതിന് ശേഷം ഫൈനടക്കാമെന്ന് പറഞ്ഞു. താമസിക്കുന്ന സ്ഥലം രാജാജി നഗര്‍ ആണെന്ന് പറഞ്ഞപ്പോള്‍ എസ്‌ഐയുടെ മട്ടുമാറി. ചെങ്കല്‍ച്ചൂള എന്നു പറഞ്ഞാല്‍ മതിയെന്ന് ആക്രോശിച്ച് തെറിവിളിച്ചു. കലാകാരനാണ് എന്ന് പറഞ്ഞപ്പോള്‍ ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത്  ആക്ഷേപിച്ചു. അതിന് ശേഷം സ്റ്റേഷനില്‍ക്കൊണ്ടുപോയി.'


'കോളനിയുടെ പേര് പറഞ്ഞായിരുന്നു കൂടുതല്‍ അധിക്ഷേപം. ഞങ്ങളുടെയൊന്നും പേരില്‍ ഇതുവരെയും ഒരൊറ്റ കേസുപോലുമില്ല. ചെങ്കല്‍ച്ചൂളക്കാരെല്ലാം ക്രിമിനലുകളാണ് എന്നാണ് ഈ പൊലീസുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. എന്തിനാണ് ഞങ്ങളെയിങ്ങനെ അപമാനിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല'.  

'മദ്യപിക്കാത്ത വ്യക്തിയാണ് അദ്ദേഹം. മദ്യപിച്ച് ബഹളുമുണ്ടാക്കിയതിനുള്ള വകുപ്പായ സെക്ഷന്‍ 180 ചുമത്തിയാണ് വിട്ടയച്ചത്. രാത്രിയേറെ വൈകിയാണ് വിട്ടയച്ചത്.' ധനുജ പറഞ്ഞു.

സതീഷ് നല്‍കിയ പരാതി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com