വോട്ടുവര്‍ധന പോരാ, സീറ്റെവിടെ ?; കേരളത്തില്‍ നിന്നും പ്രതീക്ഷിച്ചത് മൂന്നുസീറ്റ്, സംസ്ഥാന ഘടകത്തിന്റെ വിശദീകരണങ്ങള്‍ തള്ളി  ബിജെപി കേന്ദ്രനേതൃത്വം

ശബരിമല വിഷയം വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. 40 ശതമാനം വോട്ടുകളേ ബിജെപിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ
വോട്ടുവര്‍ധന പോരാ, സീറ്റെവിടെ ?; കേരളത്തില്‍ നിന്നും പ്രതീക്ഷിച്ചത് മൂന്നുസീറ്റ്, സംസ്ഥാന ഘടകത്തിന്റെ വിശദീകരണങ്ങള്‍ തള്ളി  ബിജെപി കേന്ദ്രനേതൃത്വം

തിരുവനന്തപുരം : കേരളത്തില്‍ നിന്നും രണ്ടു മുതല്‍ മൂന്നു സീറ്റുകള്‍ വരെയാണ് പ്രതീക്ഷിച്ചതെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ പറഞ്ഞു. പരാജയ കാരണങ്ങള്‍ പലതാണ്. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നേട്ടമുണ്ടാക്കാനായില്ല. ന്യൂനപക്ഷങ്ങളുടെ വോട്ടുകളിലെ ഏകീകരണം ബിജെപിയുടെ തിരിച്ചടിക്ക് ഒരു പ്രധാന കാരണമാണെന്നും സത്യകുമാര്‍ പറഞ്ഞു. 

കേരളത്തില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും വോട്ടുനിലയില്‍ വര്‍ധന ഉണ്ടായതായി സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി നേതൃത്വത്തിന് തൃപ്തിയുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ ദേശീയ നേതൃത്വം തള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് വോട്ടുവര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്തവണ വോട്ടുവര്‍ധനയല്ല സീറ്റാണ് ലക്ഷ്യമിട്ടതെന്നും ദേശീയനേതൃത്വം ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ അറിയിച്ചു.

ശബരിമല വിഷയം വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുകളേ ബിജെപിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. അതേസമയം യുഡിഎഫിന് വിഷയത്തില്‍ നേട്ടമുണ്ടാക്കാനായി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യുഡിഎഫിന്റെ വന്‍ വിജയത്തിന് ഘടകമായെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. 

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചു പണി ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിന് ശേഷം പാര്‍ട്ടി ദേശീയ നേതൃത്വം ഇത്തരം നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിയില്‍ നേതൃമാറ്റം ഇപ്പോഴുണ്ടാവില്ലെന്നാണ് സംസ്ഥാനനേതാക്കള്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com