വാളയാറില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം; സഭയില്‍ ബഹളം, വീഴ്ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കേസില്‍ പുനഃരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കും. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംസി കമറുദ്ദീന്‍, ടിജെ വിനോദ്, ഷാനിമോള്‍ ഉസ്മാന്‍, വികെ പ്രശാന്ത് എന്നിവര്‍ നിയമസഭയിലേക്കു വരുന്നു ഫോട്ടോ: ബിപി ദീപു/എക്‌സ്പ്രസ്‌
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംസി കമറുദ്ദീന്‍, ടിജെ വിനോദ്, ഷാനിമോള്‍ ഉസ്മാന്‍, വികെ പ്രശാന്ത് എന്നിവര്‍ നിയമസഭയിലേക്കു വരുന്നു ഫോട്ടോ: ബിപി ദീപു/എക്‌സ്പ്രസ്‌

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ബഹളത്തില്‍ മുങ്ങി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെ കൈവരിയില്‍ കയറി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ബഹളം നിയന്ത്രണാതീതമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. 

വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കേസില്‍ മനുഷ്യത്വപരമായ സമീപനമാവും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. 

എന്നാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും കാണിച്ച് പ്രതിപക്ഷം സഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. 

കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസില്‍ പുനഃരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കും. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വാളയാര്‍ കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങള്‍ക്കെല്ലാം അറിയാമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. വാളയാര്‍ സംഭവത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നേരത്തെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com