ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'മന്ത്രി റബ്ബര്‍ സ്റ്റാമ്പോ ?','സ്വയം തെരഞ്ഞെടുത്ത ആശുപത്രിയില്‍ നിന്നും എന്തിന് പുറത്തുകടക്കണം ?'  ; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും ഇബ്രാഹിംകുഞ്ഞ് സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചു

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ മന്ത്രി റബര്‍ സ്റ്റാമ്പ് ആണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. 

നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചു. സ്പീക്കര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നത് തെറ്റല്ല. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നതില്‍ പുതുമയില്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ 13 കോടി രൂപ അഡ്വാന്‍സ് നല്‍കിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ തെറ്റാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

താന്‍ ആശുപത്രിയില്‍ ആണെന്നറിയിച്ചിട്ടും പൊലീസ് വീട്ടില്‍ തിരച്ചില്‍ നടത്തി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ അറിയിച്ചു. സ്വയം തെരഞ്ഞെടുത്ത ആശുപത്രിയും ഡോക്ടറും അല്ലേ, അവടെ തുടരുന്നതില്‍ എന്താണ് ബുദ്ധിമുട്ട്. അടിയന്തരമായി ആശുപത്രിയില്‍ നിന്നും എന്തിന് പുറത്തുകടക്കണമെന്നും ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദിച്ചു. 

മോര്‍ഫിന്‍ അടക്കം 22 മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. അറസ്റ്റ് ഒഴിവാക്കാനായി ചികിത്സ തേടുകയായിരുന്നില്ല. താന്‍ ഏപ്രില്‍ മുതല്‍ ചികിത്സയിലാണ്. 19നു കീമോതെറാപ്പി ഉണ്ടായിരുന്നതിനാല്‍ ആണ് 17 തന്നെ അഡ്മിറ്റ് ആയത് എന്നും ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

മേല്‍പാലം നിര്‍മാണ കരാര്‍ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കാന്‍ ടെന്‍ഡറിനു മുന്‍പുതന്നെ തീരുമാനിച്ചിരുന്നെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2013ല്‍ മസ്‌കറ്റ് ഹോട്ടലില്‍ ഇതിനായി ഗൂഢാലോചന നടത്തി. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com