മൂന്നാം ഘട്ടത്തില്‍ കനത്ത പോളിങ് ; ഉച്ച വരെ 50 ശതമാനത്തിലേറെ ; നാദാപുരത്ത് സംഘര്‍ഷം, ഗ്രനേഡ് പ്രയോഗിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th December 2020 02:00 PM  |  

Last Updated: 14th December 2020 03:03 PM  |   A+A-   |  

local body election voting

വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവര്‍ / എഎന്‍ഐ ചിത്രം

 

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ മികച്ച പോളിങ്. വടക്കന്‍ കേരളത്തിലെ നാലു ജില്ലകളിലായി ഉച്ചവരെ 54 ശതമാനം പോളിങ് നടന്നതായാണ് റിപ്പോര്‍ട്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 

മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 55 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 54.20 ശതമാനം, കോഴിക്കോട് 53.94 ശതമാനം, കാസര്‍കോട് 53.18 ശതമാനം എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തതായാണ് കണക്കുകള്‍. 

വീഡിയോ: ടി പി സൂരജ്/ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
 

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ ഉച്ചവരെ 70 ശതമാനത്തോളം പേരാണ് വോട്ടു ചെയ്തത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 45 ശതമാനത്തിലേറെയും കണ്ണൂരില്‍ 42 ശതമാനത്തിലേറെയും പേര്‍ വോട്ടു ചെയ്തിട്ടുണ്ട്. 

നാദാപുരം കല്ലാച്ചിയില്‍ പൊളിങ്ങിനിടെ സംഘര്‍ഷമുണ്ടായി. പൊലീസും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബൂത്തിന് മുന്നില്‍ കൂട്ടം കൂടി നിന്നവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.