

കൊച്ചി; വോട്ടെടുപ്പിന് തലേ ദിവസം തന്നെ കൃഷിമന്ത്രി വിഎസ് സുനിൽകുമാർ തന്റെ വിജയപ്രഖ്യാപനം നടത്തി. കോവിഡ് കാലത്തെ കൃഷി പരീക്ഷയിലാണ് സുനിൽകുമാർ പത്തരമാറ്റ് വിജയം സ്വന്തമാക്കിയത്. മന്ത്രി തന്നെ നട്ടുവളർത്തിയ കൃഷിയിടത്തിലാണ് നൂറുമേനി വിളഞ്ഞത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി താമസിച്ച ആലുവ പാലസിൽ നട്ടുവളർത്തിയ പച്ചക്കറികളാണ് വിളവെടുത്തത്.
സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, ലോക് ഡൗൺ കാലത്ത് ആലുവ പാലസിൻ്റെ വളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് കൃഷിയിറക്കിയത്. കഴിഞ്ഞ ഏപ്രിലിൽ പത്താമുദയ പിറ്റേന്ന് മന്ത്രി സ്വന്തം കൈകൊണ്ട് കുഴിച്ചിട്ട കിഴങ്ങു വർഗ്ഗങ്ങൾക്കു പ്രതീക്ഷിച്ചതിനേക്കാൾ പത്തിരട്ടി വിളവു ലഭിച്ചു.
കപ്പ, മധുരകിഴങ്ങ്, ചേന, മഞ്ഞൾ, നനകിഴങ്ങ്, ചെറുകിഴങ്ങ്, കാച്ചിൽ, അടതാപ്പ് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും പയർ, വെണ്ട, ചോളം മുതലായ പച്ചക്കറികളുമാണ് നട്ടുവളർത്തിയത്. ശ്രീബാല ആഫ്രിക്കൻ കാച്ചിൽ, നനകിഴങ്ങ്, ഗജേന്ദ്ര ചേന തുടങ്ങിയവയുടെ വിത്തുകൾ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നിന്ന് മന്ത്രി തന്നെയാണ് വാങ്ങിക്കൊണ്ടുവന്നത്. പാലസിൽ തന്നെ സന്ദർശിച്ച കളക്ടർ എസ് സുഹാസിന് അദ്ദേഹം കാച്ചിലും കിഴങ്ങും സമ്മാനിച്ചു.
ആലുവ എം എൽ എ അൻവർ സാദത്തിൻ്റെയും കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ കൃഷി പാഠശാലയിലെ തൊഴിലാളികളുടെയും ഓഫീസർ ലിസിയുടെയും ആലുവ പാലസിലെ ജീവനക്കാരുടെയും സഹകരണത്തോടെയായിരുന്നു കൃഷി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് വിളവെടുപ്പ് നടത്തുമ്പോൾ ഉണ്ടായതെന്നാണ് മന്ത്രി പറയുന്നത്. ഇത്തരം കാർഷിക പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates