കൂടത്തായി കൂട്ടകൊലക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൂടത്തായി കൂട്ടകൊലക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചന. 

മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചും എന്നതില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ഷാജുവിനെ പിന്നീട് ജോളി വിവാഹം കഴിക്കുകയായിരുന്നു. 2011 ഒക്ടോബര്‍ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയിലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com