''ഈ അലച്ചിലിന് അറുതി വേണം, അത്രയേ വേണ്ടൂ'' ; നമ്മള്‍ കാണാതെ പോയ ഒരു നടിയുടെ ജീവിതം

''വല്‌ളാതെ സങ്കടം വരുമ്പോള്‍ എന്തെങ്കിലുമൊന്ന് എഴുതാനിരിക്കും.” അഭിനയം കരകയറ്റാത്തിടത്ത് അക്ഷരം ആശ്വാസമാകുന്നതിനെക്കുറിച്ച് ജമീല മാലിക് പറഞ്ഞു
''ഈ അലച്ചിലിന് അറുതി വേണം, അത്രയേ വേണ്ടൂ'' ; നമ്മള്‍ കാണാതെ പോയ ഒരു നടിയുടെ ജീവിതം

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് അഭിനയം പഠിച്ചുവന്ന ആദ്യ മലയാളി നടനെ ഏറെപ്പേര്‍ക്കും അറിയാം. അത് രവിമേനോനാണ്. എം.ടിയുടെ 'നിര്‍മാല്യ'ത്തിലെ നായകന്‍. എന്നാല്‍ പൂനെയില്‍നിന്നു തന്നെ പഠിച്ചിറങ്ങിയ ആദ്യ മലയാളി നടിയെയും നമ്മള്‍ അറിയേണ്ടതാണ്, അവര്‍ ജീവിച്ചുതീര്‍ത്ത ജീവിതവും. അന്തരിച്ച ജമീലാ മാലിക്കിനെക്കുറിച്ച്
 

സിനിമാഭിനയം പഠിക്കാന്‍ കൊല്ലത്തുനിന്ന് മദ്രാസിലേക്ക് വണ്ടികയറുമ്പോള്‍ പതിനാറു വയസ്സാണ് ജമീലയ്ക്ക്. 1969-ല്‍ അഭിനയം ജീവിതമാക്കണോ എന്ന് തീരുമാനിക്കാന്‍ ആ പ്രായം പോരാ. മുഹമ്മദ് മാലിക്കിന്റെയും തങ്കമ്മ മാലിക്കിന്റെയും മകള്‍ക്ക് അഭിനയം പിന്നീട് ജീവിതമായി. പക്ഷേ, വെള്ളിത്തിര നല്‍കുന്ന സൗഭാഗ്യങ്ങള്‍ അകന്നുനിന്നു. അതുകൊണ്ടാണ് എണ്ണം മറന്നുപോയ വാടകവീടുകളില്‍ ഗതിയില്ലാതെ ജീവിക്കേണ്ടി വന്നത്. അന്നന്നത്തേടം കഴിഞ്ഞുപോകാന്‍ കുട്ടികള്‍ക്ക് ട്യൂഷനെടുക്കേണ്ടി വന്നത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി അഭിനയം പഠിച്ച മലയാളത്തിലെ ആദ്യ നടിയാണ് ഇവര്‍. തിരുവനന്തപുരം ബീമാപള്ളിക്ക് അടുത്ത് ഏക മകനുമൊത്തായിരുന്നു താമസം. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് അഭിനയം പഠിച്ചുവന്ന ആദ്യ മലയാളി നടനെ ഏറെപ്പേര്‍ക്കും അറിയാം. അത് രവിമേനോനാണ്. എം.ടിയുടെ 'നിര്‍മാല്യ'ത്തിലെ നായകന്‍. അദ്ദേഹം പിന്നീടും നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളികളുടെ ഇഷ്ടനായകന്മാരുടെ നിരയില്‍ രവിമേനോനുമുണ്ട് ഒരിടം. പക്ഷേ, പെണ്‍കുട്ടികള്‍ സിനിമയിലേക്ക് പോകുന്നത് സമൂഹം സ്വാഗതം ചെയ്യാതിരുന്ന, സിനിമ എന്നുകേട്ടാല്‍ മുസ്‌ളീം സമുദായത്തിലെ വലിയൊരു വിഭാഗം എതിര്‍ത്തിരുന്ന കാലത്താണ് പത്താംക്‌ളാസ് കഴിഞ്ഞ് ജമീല അഭിനയം പഠിക്കാന്‍ ചേര്‍ന്നത്. ചെറുതല്ല ആ കാര്യം. മകളിലെ പ്രതിഭ തിരിച്ചറിഞ്ഞ ആ അമ്മയും അച്ഛനും ഇന്നില്ല; മകള്‍ക്കാകട്ടെ കിടപ്പാടത്തിനു വാടക കൊടുക്കാന്‍ 'അമ്മ'യുടെ കൈനീട്ടം കിട്ടണം. താരങ്ങളുടെ സംഘടനയായ അമ്മ. പക്ഷേ, നിരാശയില്ലായിരുന്നു, ജമീല മാലിക്കിന്. ''ഇന്നായിരുന്നെങ്കില്‍ കുറേക്കൂടി നന്നായി ശ്രദ്ധിക്കപ്പെടുമായിരുന്നു.' എന്നാണ് അവര്‍ അതേക്കുറിച്ചു പറഞ്ഞത്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി പഠിച്ച വേറെയും പലരും വേരുപിടിക്കാതെ പോയിട്ടുണ്ടെന്നു തിരിച്ചറിയുകയും തനിക്കു കുറേക്കാലമെങ്കിലും അഭിനയജീവിതം ഉണ്ടായല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തു, അവര്‍. അഭിനയം പ്രത്യേകിച്ചു പഠിക്കുകയൊന്നും ചെയ്യാതെതന്നെ പ്രതിഭ തെളിയിച്ച പിന്മുറക്കാരുടെ ഇടയില്‍ എവിടെയെങ്കിലും താനും പരിഗണിക്കപ്പെടണം എന്ന ആഗ്രഹം പക്ഷേ മറച്ചുവച്ചില്ല. ''പഠിച്ച തൊഴിലില്‍നിന്നുതന്നെ ജീവിക്കാനുള്ള വരുമാനം കിട്ടിയാല്‍ അതല്ലേ നല്ലത്?' 

പത്തനംതിട്ട കോന്നിയിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്ന് തങ്കമ്മ എന്ന പെണ്‍കുട്ടി കൊല്ലത്തെ മുസ്‌ളീം യുവാവ് മാലിക്ക് മുഹമ്മദിന്റെ ഭാര്യയായത് നിസ്സാര സംഭവമായിരുന്നില്ല. പക്ഷേ, രണ്ടുപേരും ആദര്‍ശനിഷ്ഠയുള്ള സാമൂഹ്യപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമായിരുന്നതുകൊണ്ട് എതിര്‍പ്പുകള്‍ വകവെച്ചില്ല. അമ്മ ബാലികയായിരുന്നപ്പോള്‍ ഗാന്ധിജി എഴുതിയ ഒരു കത്ത് മകള്‍ ഏറെക്കാലം സൂക്ഷിച്ചുവച്ചിരുന്നു. ഒരു വീട്ടില്‍നിന്നു മറ്റൊന്നിലേക്കുള്ള പല മാറ്റങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയ ഏറ്റവും വിലപ്പെട്ട സ്വത്ത് അതായിരുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങളോടുള്ള ഇഷ്ടം അറിയിച്ച് തങ്കമ്മ എഴുതിയ കത്തിനു മറുപടിയാണ് ഗാന്ധിജി എഴുതിയത്. വാര്‍ധായിലെ ആശ്രമത്തില്‍ ചേരണം, ഹിന്ദി പഠിക്കണം എന്നീ ആഗ്രഹങ്ങള്‍ അറിയിച്ചായിരുന്നു കത്ത്. പതിന്നാലാം വയസില്‍ തങ്കമ്മ ഒറ്റയ്ക്ക് വാര്‍ധയിലേക്കു പുറപ്പെട്ടു. അവിടെ കുറേക്കാലം. ജീവിതം മാറിമറിഞ്ഞ അക്കാലത്തെക്കുറിച്ച് അവര്‍ എഴുതിയിട്ടുണ്ട്. ഗാന്ധിജിയെ കാണാന്‍ മിക്കപ്പോഴും എത്തുമായിരുന്ന കവയിത്രി മഹാദേവി വര്‍മ അലഹബാദില്‍ നടത്തിയിരുന്ന പ്രയാഗ് മഹിളാ വിദ്യാപീഠത്തില്‍ പഠിക്കാന്‍ ചേര്‍ന്നത് ഗാന്ധിജിയുടെകൂടി നിര്‍ദേശപ്രകാരമാണ്. ഇന്നത്തെ പി.ജിക്ക് തുല്യമായ സരസ്വതി ബിരുദം നേടി. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ അവര്‍ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മിത്രം' പത്രത്തില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതി. മാലിക്ക് മുഹമ്മദ് ആയിരുന്നു പത്രാധിപര്‍. ആ അടുപ്പമാണ് പ്രണയത്തിലും വിവാഹത്തിലുമെത്തിയത്. തങ്കമ്മ മതം മാറി. പിന്നീട് ഇരുവരും കൊല്ലത്ത് മുനിസിപ്പില്‍ കൗണ്‍സിലര്‍മാരായിരുന്നു. മഹാദേവി വര്‍മയുമായുള്ള അടുപ്പം മൂലം അവരുടെ ഓരോ പുതിയ പുസ്തകങ്ങളും അമ്മയ്ക്ക് തപാലില്‍ വന്നിരുന്ന കാലം ഓര്‍ത്തെടുക്കുന്നു മകള്‍. 'പ്രിയ ശിഷ്യ എന്ന് ആദ്യപേജില്‍ മനോഹരമായി ഹിന്ദിയില്‍ എഴുതി കൈയൊപ്പിട്ട പുസ്തകങ്ങള്‍. ഹിന്ദി ഭാഷയിലെ മികവിന് രാഷ്ര്ടപതിയുടെയും ബിഹാര്‍ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു തങ്കമ്മ മാലിക്കിന്. മാതാപിതാക്കളുടെ ഉന്നത സാമൂഹ്യബന്ധങ്ങള്‍ മകള്‍ ജമീലയ്ക്ക് ആദ്യം അനുഭവപ്പട്ടത് സൗജന്യ സിനിമ കാഴ്ചയിലൂടെയായിരുന്നു. അത് ശരിക്കും ആസ്വദിക്കുകതന്നെ ചെയ്തു. ഒരുപാട് സിനിമകള്‍ കണ്ടു. മകളുമായി ഇരുവരും നാടകങ്ങള്‍ക്കും പോകുമായിരുന്നു. ശിവാജി ഗണേശനായിരുന്നു ഇഷ്ടനടന്‍. അക്കാലത്ത് കെ.പി. ഉമ്മറൊക്കെ അഭിനയിച്ച നാടകങ്ങള്‍ മനസ്‌സിലിപ്പോഴുമുണ്ട്. സ്വന്തമായി വീട്, കഴിഞ്ഞുപോകാനുള്ള വരുമാനം എന്നതിനപ്പുറം വലിയ സാമ്പത്തിക ചുറ്റുപാടുകളൊന്നുമുണ്ടായിരുന്നില്ല; അത് മാലിക്കും തങ്കമ്മയും ആഗ്രഹിച്ചുമില്ല. ആദര്‍ശനിഷ്ഠമായിരുന്നു ജീവിതം. സാമൂഹ്യപ്രവര്‍ത്തനമായിരുന്നു സന്തോഷം. അതിനിടയില്‍ മാലിക്കിന്റെ വിയോഗം ആ കുടുംബത്തെ ഉലച്ചു. പക്ഷേ, തങ്കമ്മ തളര്‍ന്നിരിക്കുകയല്ല ചെയ്തത്. എഴുത്ത്, പത്രപ്രവര്‍ത്തനം, ഇടപെടലുകള്‍. കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന 'സിനിരമയില്‍ അവര്‍ എഴുതി. കലാകാരന്മാരുടെ ഭാര്യമാരുമായി നടത്തിയ അഭിമുഖങ്ങള്‍ ഏറെ വായിക്കപ്പെട്ടു.കാമ്പിശ്ശേരിയും വൈക്കം മുഹമ്മദ് ബഷീറും കുടുംബാംഗങ്ങളെപ്പോലെ ആയിരുന്നുവെന്ന് അക്കാലം ഓര്‍മിച്ച് ജമീല മാലിക് പറഞ്ഞു. 

മകളെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അയയ്ക്കാന്‍ ആലോചിച്ചപ്പോള്‍ അമ്മ പ്രധാനമായും അഭിപ്രായം ചോദിച്ചത് ബഷീറിനോടാണ്. അദ്ദേഹം പ്രോത്സാഹിപ്പിച്ചപേ്പാള്‍ പിന്നെ മടിച്ചില്ല. ബഷീറിന്റെ എല്ലാ പുസ്തകങ്ങളും അദ്ദേഹം ആ കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു. ജമീലയ്ക്കു വായനയോടും സാഹിത്യത്തോടും അടുപ്പം വന്നത് ആ പുസ്തകങ്ങളിലൂടെയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ രണ്ടു നാടകങ്ങളില്‍ ജമീല അഭിനയിച്ചിരുന്നു. അവ സംവിധാനം ചെയ്തത് സാക്ഷാല്‍ മധു. അമ്മയാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അപേക്ഷ അയച്ചത്. മദ്രാസിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ. ചില നാടകഭാഗങ്ങള്‍ തന്നിട്ട് അതില്‍ ഏതെങ്കിലും അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടു. 'ലോട്ടറി എന്ന ഏകാംഗമാണ് അഭിനയിച്ചത്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതോടെ ഈ പെണ്‍കുട്ടിയെ അഭിനയം പഠിപ്പിച്ചാല്‍ കാര്യമുണ്ട് എന്ന് ഇന്റര്‍വ്യൂ ബോര്‍ഡിനു ബോധ്യപ്പെട്ടു. 1971-72ല്‍ പഠിച്ചു ജയിച്ച് പുറത്തേക്ക്. 

ഇന്‍സ്റ്റിറ്റിയൂട്ടില്‍ രവിമേനോന്‍ ജമീലയുടെ സീനിയര്‍ ആയിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്, കോഴ്‌സിന്റെ ഭാഗമായ 'ജയ്ജവാന്‍ ജയ് മകാന്‍ എന്ന സിനിമയില്‍ ദമ്പതികളായി. പിന്നീടു പ്രശസ്ത മറാഠി സംവിധായകനായി മാറിയ ബിശ്രാം ബഡേക്കറുടേതായിരുന്നു ചിത്രം. ജയാഭാദുരിയുമുണ്ടായിരുന്നു കാമ്പസിലും ആ സിനിമയിലും. ആ സിനിമ പിന്നീട് റിലീസ് ചെയ്തു. സ്വന്തമായി വീട് ഇല്ലാത്തവരുടെ പ്രശ്‌നങ്ങളായിരുന്നു കഥ. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്കു താഴെയുള്ള ഇത്തിരിവട്ടം തിരശീലകൊണ്ട് മറച്ചു താമസിക്കുന്ന ദമ്പതികളായിരുന്നു രവിമേനോനും ജമീല മാലിക്കും. റോഷന്‍ തനോജയുടെ 'പിക്‌നിക്ക്, ഗോപാല്‍ ദത്തിന്റെ 'പരീക്ഷ എന്നിവയൊക്കെ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കോഴ്‌സ് ചിത്രങ്ങളായിരുന്നു. അസിസ്റ്റന്റ് പ്രിന്‍സിപ്പലായിരുന്നു ഗോപാല്‍ ദത്ത്. പരീക്ഷയില്‍ ജമീലയുടെ നായകനായ വിജയ് അറോറ ഹിന്ദിയില്‍ പിന്നീട് അറിയപ്പെടുന്ന നടനായി. കാമ്പസിലെ നിരവധി ലഘുചിത്രങ്ങളിലും വേഷമിട്ടു. മൃണാള്‍സെന്‍, യഷ് ചോപ്ര, ബി.ആര്‍. ചോപ്ര, മഹേഷ് കൗള്‍ തുടങ്ങിയവരൊക്കെയാണ് അക്കാലത്ത് കോഴ്‌സ് ചിത്രങ്ങള്‍ക്ക് മാര്‍ക്ക് നിശ്ചയിച്ചത്. അതുകൊണ്ട് അര്‍ഹതയില്ലാത്തവരൊന്നും അതിജീവിച്ചില്ല. പ്രശസ്ത ഛായാഗ്രാഹനായ രാമചന്ദ്രബാബുവും അവിടെ വിദ്യാര്‍ത്ഥിയായിരുന്നു; അദ്ദേഹത്തിന്റെ കാമ്പസ് ലഘുചിത്രത്തിലെ നായിക ജമീലയും. കെ.ജി. ജോര്‍ജ് ഇന്‍സ്റ്റിറ്റിയൂട്ടില്‍വെച്ച് സംവിധാനം ചെയ്ത സിനിമയിലും നായികയായത് ജമീലയായിരുന്നു. ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭത്തിലെ നായിക. പക്ഷേ, പഠനംകഴിഞ്ഞ് ഇറങ്ങിയ പിന്നാലെ, ആഗ്രഹിച്ചതുപോലുള്ള നല്ല അവസരങ്ങളും കഥാപാത്രങ്ങളും വന്നില്ല. ചില ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അമ്മയുമൊത്ത് ബോംബെയില്‍ താമസവുമാക്കി. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. പ്രതീക്ഷകള്‍ കൈവിടാതെ മദ്രാസിലേക്ക്. മകള്‍ അഭിനയിച്ചപ്പോള്‍ അമ്മ ഹിന്ദി ട്യൂഷനെടുത്തു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 60-ല്‍പരം ചിത്രങ്ങള്‍. അതില്‍ തെലുങ്ക് സിനിമ ഒരെണ്ണവും റിലീസ് ചെയ്തില്ല. 

കാമ്പസിനു പുറത്തെ ആദ്യ നായികാ വേഷത്തിനു നായകനായത് വിന്‍സെന്റ്. ചിത്രം റാഗിങ്, സംവിധാനം എന്‍.എന്‍. പിഷാരടി. പിന്നീട് വില്ലനായും സംവിധായകനായും മികച്ച കൊമേഡിയനായും മലയാള സിനിമയില്‍ തിളങ്ങിയ കൊച്ചിന്‍ ഹനീഫയുടെആദ്യ ചിത്രമായിരുന്നു അത്, ഒരു കൊച്ചുവേഷത്തില്‍. പി.ജെ. ആന്റണിയാണ് റാഗിംങ്ങില്‍ അഭിനയിച്ച മറ്റൊരാള്‍. പക്ഷേ, ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. സ്വാഭാവികമായും മലയാള സിനിമ പിന്നീട് കാര്യമായ പരിഗണന നല്‍കിയില്ല. എന്നാല്‍ തമിഴില്‍ ഏതാനും നല്ല വേഷങ്ങള്‍ കിട്ടി. കൃഷ്ണന്‍ പഞ്ചു സംവിധാനം ചെയ്ത 'വെള്ളിരഥം ആയിരുന്നു അതിലൊന്ന്. തമിഴ്, മലയാളം സിനിമകളില്‍ പ്രേക്ഷകരുടെ പ്രത്യേക ഇഷ്ടം നേടിയ കെ.ആര്‍. വിജയയായിരുന്നു നായിക. ജമീലയുടെ കഥാപാത്രം നായികയ്‌ക്കൊപ്പം പ്രാധാന്യമുള്ളതുതന്നെയായിരുന്നു. ദില്ലി ഗണേഷിന്റെ മകളായി അന്ധ ബ്രാഹ്മണ ബാലികയാണ് അവര്‍ അഭിനയിച്ചത്.  ജയലളിത തമിഴില്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് അവരുടെ കൂടെ അഭിനയിച്ചു. ജയ അഭിനയിച്ച അവസാന ചിത്രമായിരുന്ന 'നദിയെ തേടി വന്ത കടല്‍’ ജമീലയുടെ അഭിനയപ്രതിഭ പ്രകടമാക്കാന്‍ മികച്ച അവസരം ലഭിച്ച സിനിമകൂടിയായി. ക്യാമറയ്ക്കു പിന്നില്‍ ജയയുടെ സ്‌നേഹവും വാത്സല്യവും ലഭിച്ചു. തുടര്‍ച്ചയൊക്കെ ഉണ്ടെങ്കിലും ജീവിതം ഞെരുങ്ങുകയായിരുന്നുവെന്ന് പറഞ്ഞു, ജമീല മാലിക്. പണം ഇല്ലാത്തതുതന്നെ കാരണം. അഭിനയിക്കാന്‍ വിളിച്ച പലരും പറഞ്ഞ പണം തരാതെ കബളിപ്പിച്ചു. മലയാള സിനിമയുടെ അന്നത്തെ കേന്ദ്രം മദ്രാസായിരുന്നു. കേരളത്തില്‍നിന്ന് ആദ്യമായി പൂനെയില്‍ പോയി അഭിനയം പഠിച്ചിറങ്ങിയ പെണ്‍കുട്ടി എന്ന പരിഗണന പോലും ലഭിച്ചില്ല. പക്ഷേ, അതിനിടയിലും പ്രതീക്ഷ നല്‍കുന്ന ചില നല്ല പെരുമാറ്റങ്ങളുണ്ടായി. പിന്നീട് ഓര്‍ത്തെടുത്തപ്പോള്‍ നന്ദിയും കടപ്പാടും തോന്നിക്കുന്ന നന്മകള്‍. താരങ്ങളായി നിറഞ്ഞുനിന്നിരുന്ന ശാരദയും ഷീലയും നല്‍കിയ സഹായങ്ങളായിരുന്നു അത്. പക്ഷേ, പുതുമുഖ നടിക്ക് ഇന്നത്തെപ്പോലെ നായികാ വേഷം ലഭിക്കുക എളുപ്പമായിരുന്നില്ല. ഷീലച്ചേച്ചി പ്രത്യേക താല്പര്യമെടുത്ത് രണ്ടു സിനിമകളില്‍ ഒപ്പം അഭിനയിക്കാന്‍ സന്ദര്‍ഭം ഉണ്ടാക്കിയെങ്കിലും രണ്ടും നടന്നില്ല. എന്തൊക്കെയോ തടസങ്ങള്‍. അങ്ങനെ നഷ്ടപ്പെട്ട സിനിമകളുടെ നിരയിലാണ് ജോണ്‍ എബ്രഹാമിന്റെ 'അഗ്രഹാരത്തില്‍ കഴുത’ വിളിച്ചു, സ്വീകരിച്ചു, ധാരണയുമായി. പക്ഷേ, ഒടുവില്‍ ജമീല പുറത്ത്. അക്കാലത്ത് സാമ്പത്തിക വിജയം നേടിയ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് രാജഹംസത്തില്‍ ആയിരുന്നു. അടൂര്‍ഭാസിക്കൊപ്പം ഹാസ്യ കഥാപാത്രമാകാന്‍ ശ്രീലതാ നമ്പൂതിരിയെയാണ് തീരുമാനിച്ചിരുന്നത്. അവര്‍ക്ക് എന്തുകൊണ്ടോ ഒഴിവാകേണ്ടിവന്നു. അങ്ങനെയാണ് 'രാജഹംസം’ ജമീലയ്ക്കു കിട്ടിയത്. പ്രശസ്ത നടിയായിരുന്ന റാണിചന്ദ്ര വിമാനാപകടത്തില്‍ മരിച്ചതും ജമീലയുടെ അഭിനയജീവിതത്തിലെ തിരിച്ചടികളുടെ ഭാഗമായി. രാമചന്ദ്രന്‍ സംവിധാനം ചെയ്ത 'ലഹരി’ എന്ന ചിത്രത്തിലെ അഭിനയം പൂര്‍ത്തിയാക്കും മുമ്പാണ് നായികയായിരുന്ന റാണിചന്ദ്രയ്ക്ക് അപകടമുണ്ടായത്. നല്ല റോളായിരുന്നു ജമീലയ്ക്ക് അതില്‍. പക്ഷേ, നായികയുടെ വേര്‍പാട് ചിത്രത്തെ ബാധിച്ചു. 'നീലക്കണ്ണുകള്‍’, 'സതി’ എന്നീ ചിത്രങ്ങളില്‍ നല്‌ള കഥാപാത്രങ്ങള്‍ ലഭിച്ചു.ശ്രദ്ധേയമായകഥാപാത്രങ്ങള്‍കെ.പി.എ.സി. നാടകമാക്കിയ തകഴിയുടെ 'ഏണിപ്പടി’കളില്‍ സാവിത്രി എന്ന കഥാപാത്രമാകാന്‍ കഴിഞ്ഞത് നല്ല അവസരങ്ങളുടെ നിരയില്‍ എണ്ണുന്നു അവര്‍. ജയഭാരതിക്കൊപ്പം 'ചോറ്റാനിക്കര അമ്മ’യില്‍, വിജയശ്രീക്കൊപ്പം 'ആദ്യത്തെ കഥ’യില്‍, 'അതിശയരാഗം’ എന്ന തമിഴ് സിനിയില്‍ നായികാവേഷം ഇതൊക്കെ ശ്രദ്ധിക്കപ്പെട്ടു. 'ലക്ഷ്മി’ എന്ന തമിഴ് സിനിമയില്‍ ശ്രീദേവിയുടെ നായികാ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള റോളായിരുന്നു. പി. കേശവദേവിന്റെ വിഖ്യാത നോവല്‍ 'ഓടയില്‍നിന്ന്’ സിനിമയായപ്പോള്‍ മുഖ്യകഥാപാത്രങ്ങളിലൊന്നാ ഗോപിയെ അവതരിപ്പിച്ചത് പ്രേംനസീര്‍; അത് ഹിന്ദിയിലാക്കിയപ്പോള്‍ മലയാളത്തില്‍ ഇല്ലാത്ത ഒരു കഥാപാത്രംകൂടി ഉണ്ടായി. ഗോപിയുടെ ഒരു അനിയത്തി. ജമീലയാണ് ആ വേഷം അഭിനയിച്ചത്. എന്നിട്ടും ഗ്രാഫ് താഴേയ്ക്കുതന്നെ പോവുകയും ജീവിതം ഈവിധമായി മാറുകയും ചെയ്തതെന്തെന്നു ചോദിച്ചപ്പോള്‍, നിരാശയൊന്നുമില്ല എനിക്ക് എന്നുമാത്രം പറഞ്ഞുു ജമീല മാലിക്. വിവാഹം, ഒരു വര്‍ഷത്തെ മാത്രം ദാമ്പത്യം, വേര്‍പിരിയല്‍ ഇതൊക്കെ ജീവിതത്തിന്റെ ഗതിമാറ്റി. പ്രണയവിവാഹമൊന്നുമായിരുന്നില്ല. ബന്ധുക്കളാണു വരനെ കണ്ടെത്തിയത്. മദ്രാസില്‍നിന്ന് കേരളത്തിലേക്ക് താമസം മാറ്റിയത് വിവാഹത്തോടെയാണ്. പിന്നെ ജീവിതം മകനുവേണ്ടിയായി. സീരിയലുകളുടെ തുടക്കകാലത്ത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത പല സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചിരുന്നു; തീരെ ചെറുതല്ലാത്തവയും. തകഴിയുടെ 'കയര്‍’ എം.എസ്. സത്യു ഹിന്ദിയില്‍ ചെയ്തപ്പോള്‍ അതിലെ പല കുടുംബങ്ങളിലൊന്നിലെ ഗൃഹനാഥയായത് ജമീലയാണ്. സാഗരിക എന്ന മറ്റൊരു ഹിന്ദി സീരിയലിലും അഭിനയിച്ചു. 'സായാഹ്നക്കോടതി’ എന്ന സീരിയലില്‍ മുഖ്യവേഷമായിരുന്നു.  പ്രശസ്ത നോവലിസ്റ്റ് സേതുവിന്റെ 'പാണ്ഡവപുരം’ നോവല്‍ സിനിമയായപ്പോള്‍ അതിലൊരു നല്ല കഥാപാത്രമാകാന്‍ കഴിഞ്ഞതും 'ഉണ്ണികൃഷ്ണനു ജോലി കിട്ടി’ എന്ന ചിത്രത്തിലെ റോളും ഓര്‍മിക്കത്തക്കതാണ്.ഹിന്ദിപ്രചാരസഭയില്‍ സാഹിത്യാചാര്യ, സാഹിത്യരത്‌നം എന്നീ കോഴ്‌സുകള്‍ക്ക് ചേര്‍ന്നതും ബി.എഡ്. ചെയ്തതും ജീവിക്കാനാണ്. അമ്മയെപ്പോലെ മകളും ഹിന്ദി പഠിപ്പിച്ചു. പി.ജിക്കാര്‍ക്കുവരെ ട്യൂഷനെടുത്തു. 

''വല്‌ളാതെ സങ്കടം വരുമ്പോള്‍ എന്തെങ്കിലുമൊന്ന് എഴുതാനിരിക്കും.” അഭിനയം കരകയറ്റാത്തിടത്ത് അക്ഷരം ആശ്വാസമാകുന്നതിനെക്കുറിച്ച് ജമീല മാലിക് പറഞ്ഞു. തിരുവനന്തപുരം ആകാശവാണി കുറെ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. അഭിനയം തന്നെ തനിക്ക് നല്ല കാലം കൊണ്ടുവരുമെന്ന് ആഗ്രഹിക്കാനായിരുന്നു അവര്‍ക്ക് ഇഷ്ടം. പ്രാരാബ്ധങ്ങളുടെ ദൈന്യതയില്ലായിരുന്നു, ജമീല മാലിക്കിന്റെ കണ്ണുകളില്‍. കുറെ ആളുകളെങ്കിലും തന്നെ തിരിച്ചറിയുകയും ഇടയ്‌ക്കെപ്പോഴെങ്കിലും ഓര്‍ക്കുകയും ചെയ്യുന്നു എന്നതു ചെറിയ കാര്യമല്ല. മകന്‍ അന്‍സാറിന് ബിരുദം പൂര്‍ത്തിയാക്കാനായില്ല എന്നത് സങ്കടങ്ങളിലൊന്നായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവന് നല്ലൊരു തൊഴില്‍ ഉണ്ടാകണം, വാടകവീടുകളിലെ അലച്ചിലിന് അവസാനം വേണം, ഇതിനൊക്കെ ഉതകുംവിധം സിനിമയോ സീരിയലുകളോ തന്നെത്തേടി വരണം... ഇതൊക്കെയായിരുന്നു പ്രതീക്ഷകള്‍. അവ ബാക്കിയാക്കിയാണ് ജമീല മാലിക്കിന്റെ മടക്കം.
 

(2014 നവംബറില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്, മാറ്റങ്ങളോടെ)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com