തലയെടുപ്പോടെ 'യുവത്വപ്പോര്' ; തൃത്താല ആര്‍ക്ക് ലൈക്കടിക്കും ?

പ്രമുഖ വ്യക്തിത്വങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ആരെ കൊള്ളും, ആരെ വരിക്കും എന്ന ത്രിശങ്കുവിലാണ് ജനങ്ങള്‍
തലയെടുപ്പോടെ 'യുവത്വപ്പോര്' ; തൃത്താല ആര്‍ക്ക് ലൈക്കടിക്കും ?

രാഷ്ട്രീയ ഗോദയില്‍ മാത്രമല്ല, സൈബര്‍ ലോകത്തെയും മിന്നും താരങ്ങളില്‍ ആര്‍ക്ക് ലൈക്കടിക്കുമെന്ന സന്ദേഹത്തിലാണ് തൃത്താലയിലെ ജനത. മണ്ഡലത്തിന്റെ അതിരുകളും ഭേദിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് തൃത്താല ഇത്തവണ സാക്ഷിയാകുന്നത്. യുവത്വത്തിന്റെ പ്രസരിപ്പും രാഷ്ട്രീയ കേരളത്തിന്റെ ഭാവിയുമായ പ്രമുഖ വ്യക്തിത്വങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ആരെ കൊള്ളും, ആരെ വരിക്കും എന്നതാണ് തൃത്താലക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം

വികസനമാണ് പാലക്കാടന്‍ കാറ്റിലും തൃത്താലയിലെ തെരുവോരങ്ങളില്‍ ഉയരുന്ന മുദ്രാവാക്യം. സ്വര്‍ണക്കടത്തും അഴിമതിയുമെല്ലാം സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും പ്രചാരണായുധമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം നാട്ടിലുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞും ബല്‍റാം ജനഹിതം തേടുന്നു. അതേസമയം ക്ഷേമപെന്‍ഷന്‍, റേഷന്‍ തുടങ്ങി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ വികസന കുതിപ്പ് ഉയര്‍ത്തിയാണ് ഇടതുപക്ഷം രംഗത്തിറങ്ങുന്നത്. 

വി ടി ബല്‍റാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌
വി ടി ബല്‍റാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

കോട്ട കാക്കാന്‍ വി ടി

രാഷ്ട്രീയപോരാട്ട വേദികളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന യുവനേതാവ്  വിടി ബല്‍റാമാണ് മൂന്നാമൂഴം തേടി മത്സരിക്കുന്നത്. ഒരു ദശാബ്ദമായി യുഡിഎഫ് കോട്ടയായി കാത്ത തൃത്താലയെ നിലനിര്‍ത്തുകയെന്ന ദൗത്യമാണ് ബല്‍റാമിനുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വലിയ പിന്തുണ ബല്‍റാമിന് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. തദ്ദേശ തെരഞ്ഞെടുപ്പില വോട്ടുകണക്കുകളും കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

എംബി രാജേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌
എംബി രാജേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

പട നയിച്ച് എം ബി

നിയമസഭയിലും സൈബറിടത്തും ഇടതുപക്ഷത്തിന് തലവേദന സൃഷ്ടിച്ച ബല്‍റാമിനെ ഏതുവിധേനയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം മുന്‍ എംപിയായ എം ബി രാജേഷിനെ രംഗത്തിറക്കിയത്. പടക്കളത്തില്‍ ഇരുപക്ഷത്താണെങ്കിലും ഇരുവര്‍ക്കും സാമ്യതകളുമേറെയാണ്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റവും ചാനല്‍ ചര്‍ച്ചകളിലെ മൂര്‍ച്ഛയും കൊണ്ട് യുവാക്കളുടെ ഹരമായ രാജേഷിലൂടെ മണ്ഡലം തിരികെ പിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. 

കഴിഞ്ഞ 10 കൊല്ലം മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പ് ഇടതുപക്ഷം ഉന്നയിക്കുന്നു. അതോടൊപ്പം ക്ഷേമപെന്‍ഷനും റേഷന്‍, ഭക്ഷ്യകിറ്റ് തുടങ്ങി ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രചാരണായുധമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില പഞ്ചായത്തുകള്‍ യുഡിഎഫ് നേടിയെങ്കിലും വോട്ട് കണക്കില്‍ സിപിഎം തന്നെയാണ് മുന്നിലെന്നതും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 

'വിശ്വാസം' തേടി ശങ്കു

ശബരിമല അടക്കമുള്ള പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി ശങ്കു ടി ദാസാണ് എന്‍ഡിഎയ്ക്ക് വേണ്ടി മല്‍സരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ രംഗത്തും ബിജെപിക്കു വേണ്ടി വാദിക്കുന്ന ശങ്കു ടി ദാസ് ശബരിമല സമരരംഗത്ത് മുന്‍നിരയിലുണ്ടായിരുന്നു. ബിജെപിക്കു കാര്യമായ വേരുകളുള്ള മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2016ല്‍ 10,000 വോട്ട് കൂടുതല്‍ നേടാനായിരുന്നു എന്നതാണ് ബിജെപിയുടെ പ്രതീക്ഷ. 

ശങ്കു ടി ദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌
ശങ്കു ടി ദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌

മണ്ഡല ചരിത്രം

ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ ചരിത്രമാണ് തൃത്താലയ്ക്ക് പറയാനുള്ളത്. 1965ല്‍ സംവരണ മണ്ഡലമായാണ് തൃത്താല രൂപീകരിക്കപ്പെട്ടത്. 1965ലും 1967ലും നടന്ന ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ ഇ ടി കുഞ്ഞനാണ് വിജയിച്ചത്. എന്നാല്‍ 1970 ല്‍ കുഞ്ഞനെ തോല്‍പ്പിച്ച് സ്വതന്ത്രനായി മത്സരിച്ച വെള്ള ഈച്ചരന്‍ വിജയിച്ചു. 

1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. തുടര്‍ന്ന് 1980, 1982, 1987 തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തൃത്താല നിലനിര്‍ത്തി. 1991 ല്‍ ഇ ശങ്കരനിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്ന് സിപിഎം ആധിപത്യമായിരുന്നു. എന്നാല്‍ 2011 ല്‍ ജനറല്‍ സീറ്റായി മാറിയ തൃത്താല പിടിക്കാന്‍ യുവനേതാവായ ബല്‍റാമിനെ ഇറക്കിയുള്ള കോണ്‍ഗ്രസിന്റെ കളി ലക്ഷ്യം കാണുകയായിരുന്നു. 
 

സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പിലും വി ടി ബൽറാം മണ്ഡലം നിലനിർത്തി. ഭൂരിപക്ഷം ഇരട്ടിയാക്കിയായിരുന്നു ബൽറാമിന്റെ വിജയം. സിപിഎമ്മിന്റെ സുബൈദ ഇസഹാക്കിനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ബൽറാമും രാജേഷും ശങ്കു ടി ദാസും പരസ്പരം പോരടിക്കുമ്പോൾ  വീറും വാശിയും തൃത്താല കടന്നും പരക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com