ചലനം നിലയ്ക്കും വരെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു, വൈഗയെ കയ്യിലെടുത്ത് പുഴയില്‍ താഴ്ത്തിയതായി സനു മോഹന്‍; മരണം പുഴയില്‍ വീണതിന് ശേഷമെന്ന് പൊലീസ്‌

തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതിയതായി ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു
വൈഗ, സനു മോഹന്‍ / ഫയൽ ചിത്രം
വൈഗ, സനു മോഹന്‍ / ഫയൽ ചിത്രം

കൊച്ചി:  കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് വൈഗയുടെ കൊലപാതകത്തില്‍ പൊലീസ് പിടിയിലായ സനു മോഹന്‍. തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതിയതായി ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കും വരെ അങ്ങനെ ചെയ്തു. ശേഷം മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. വൈഗയെ കയ്യില്‍ എടുത്ത് പുഴയില്‍ താഴ്ത്തി. ഭയം കാരണം തനിക്ക്‌ മരിക്കാനായില്ല. പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

പുഴയില്‍ എറിയുമ്പോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നതായി പൊലീസ് പറയുന്നു. വൈഗ മരിച്ചത് പുഴയില്‍ വീണതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുകയാണ്.  മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്നാണ് ഞായറാഴ്ച പൊലീസ് സനു മോഹനെ പിടികൂടിയത്. ഗോവ ലക്ഷ്യമാക്കിയാണ് മൂകാംബികയില്‍ നിന്ന് സനു മോഹന്‍ സഞ്ചരിച്ചത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com