

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
ഓരോ പ്രദേശത്തും ആയിരത്തിനു പത്തു പേരില്‍ കൂടുതല്‍ രോഗികളുണ്ടെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന്, ചട്ടം 300 അനുസരിച്ച് സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആരോഗ്യമന്ത്രി അറിയിച്ചു. അല്ലാത്ത പ്രദേശങ്ങളില്‍ ആറു ദിവസം എല്ലാ കടകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു വരെയായിരിക്കും പ്രവര്‍ത്തന സമയം. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവരോ ഒരു മാസത്തിനിടെ കോവിഡ് വന്നുമാറിയവരോ കടകളില്‍ വരുന്നതായിരിക്കും അഭികാമ്യമമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിലും അവിട്ടം ദിനത്തിലും ഞായറാഴ്ച ആണെങ്കിലും ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. ആരാധനാലയങ്ങളില്‍ വലിപ്പം അനുസരിച്ച് 40 പേര്‍ക്കു വരെ പ്രവേശിക്കാം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേര്‍ക്കു മാത്രമാവും അനുമതി. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യ അകലം പാലിക്കണം. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ രോഗപ്രതിരോധ നടപടികള്‍ വിജയകരമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് മരണ നിരക്ക് സംസ്ഥാനത്ത്് 05 ശതമാനമാണ്. ദേശീയ ശരാശരി 1.4ശതമാനമാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
സെറോ സര്‍വേ പ്രകാരം സംസ്ഥാനത്ത് 56 ശതമാനത്തിനും രോഗം വന്നിട്ടില്ല. അതുകൊണ്ടുതന്നെ രോഗം വരാന്‍ സാധ്യതയുള്ളവര്‍ കേരളത്തില്‍ കൂടുതലാണ്. വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നുനില്‍ക്കാനുള്ള സാധ്യത കൂടുതലുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
