'മകന്‍പോലും ഇപ്പോള്‍ മിണ്ടുന്നില്ല; ഈ പ്രായത്തില്‍ ഇത് സഹിക്കാന്‍ വയ്യാ...';പോക്‌സോ കേസില്‍ കുടുക്കി ജയിലില്‍ അടച്ച 73കാരി പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 10:19 AM  |  

Last Updated: 01st December 2021 10:19 AM  |   A+A-   |  

sreemathi

ശ്രീമതി

 

'അറസ്റ്റ് ചെയ്യുന്ന സമയത്തും എന്താണ് കേസെന്ന് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ മകന്‍ ജാമ്യത്തിലിറക്കാന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കേസിനെക്കുറിച്ച് അറിഞ്ഞ മകന്‍ അത് മാനക്കേടായാണ് കണ്ടത്. അവന്‍ എന്നോടിപ്പോള്‍ സംസാരിക്കുന്നില്ല. ഞാന്‍ തെറ്റു ചെയ്തു എന്നാണ് അവന്‍ കരുതുന്നത്. രണ്ട് പെണ്‍മക്കള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഈ പ്രായത്തില്‍ ഞാന്‍ അനുഭവിക്കുന്ന വേദന അസഹനീയമാണ്'-കുളത്തൂപ്പൂഴയില്‍ പോക്‌സോ കേസില്‍ കുടക്കി ജയിലില്‍ അടച്ച 73കാരിയായ ശ്രീമതി പറയുന്നു. 

കള്ളവാറ്റിനെക്കുറിച്ച് മകന്‍ പരാതി നല്‍കിയതിന് പകരമായാണ് അയല്‍വാസി വയോധികയ്ക്ക് എതിരെ പോക്‌സോ കേസ് നല്‍കിയത്. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യത്തിലിറങ്ങിയ കുളത്തൂപ്പുഴ മൈലമൂട് കുന്നില്‍ചരുവിള പുത്തന്‍വീട്ടില്‍ ശ്രീമതി, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. മൊഴിയെടുക്കാനെത്തിയ പൊലീസ് തന്നെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 

'മൂന്നുമാസം മുന്‍പ് അയല്‍വാസിയുടെ ഫാം ഹൗസില്‍ കള്ളവാറ്റ് നടത്തുന്നതായി എക്‌സൈസിനെ അറിയിച്ചിരുന്നു. എക്‌സൈസ് ഫാം ഹൗസില്‍ റെയ്ഡ് നടത്തി. ഇതിന് പിന്നാലെ അയല്‍വാസിയുടെ മകനെ പീഡിപ്പിച്ചെന്നു പറഞ്ഞ് എനിക്കെതിരെ പോക്‌സോ കേസ് കൊടുക്കുകയായിരുന്നു'-ശ്രീമതി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

മനുഷ്യാവകാശ കമ്മീഷനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. വാക്‌സീന്‍ സ്വീകരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അതിനുപോലും അനുവദിക്കാതെ ഉടന്‍ തിരികെ എത്തിക്കാമെന്നു പറഞ്ഞു പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്നു മാത്രമായിരുന്നു ചോദ്യമെന്നും ശ്രീമതി പറഞ്ഞു. പിന്നീട് 45 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.