തുലാവർഷം ശക്തി കുറഞ്ഞു; ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2021 08:06 AM |
Last Updated: 01st December 2021 08:06 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം അറബിക്കടലിൽ കർണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിനും അറബിക്കടലിൽ ന്യൂനമർദത്തിനും വഴി തെളിഞ്ഞു. രണ്ടും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം.
121 വർഷത്തിനിടെ ഏറ്റവും കൂടിയ മഴ
ചരിത്രത്തിലെ ഏറ്റവും മികച്ച മഴയാണ് ഇത്തവണ തുലാവർഷത്തിൽ കേരളത്തിൽ പെയ്തത്. തുലാവർഷം രണ്ടു മാസം പിന്നിടുമ്പോൾ (ഒക്ടോബർ 1-നവംബർ 30 ) 984 എംഎം മഴയാണ് ഇതുവരെ കേരളത്തിൽ ലഭിച്ചത്. അതായത് 115% അധിക മഴ. ഇത് കഴിഞ്ഞ 121 വർഷത്തിനിടെ ലഭിച്ച ഏറ്റവും കൂടിയ മഴയാണ് 2010 ൽ ലഭിച്ച 822.9 mm മഴയായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്. ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (1619 എംഎം) ഏറ്റവും കുറവ് വയനാട് ജില്ലയിൽ (554.6എംഎം).