മം​ഗളൂരു കോളജ് ഹോസ്റ്റലിന് സമീപത്തെ ആക്രമണം; എട്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ; നാല് പേർ കഞ്ചാവ് ഉപയോ​ഗിച്ചു

മം​ഗളൂരു കോളജ് ഹോസ്റ്റലിന് സമീപത്തെ ആക്രമണം; എട്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ; നാല് പേർ കഞ്ചാവ് ഉപയോ​ഗിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മംഗളൂരു: ജെപ്പു ഗുജ്ജരക്കരെയിലെ യേനപ്പോയ കോളജ് ഹോസ്റ്റലിലും സമീപത്തുമായി ഉണ്ടായ അക്രമ സംഭവത്തിൽ എട്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് അക്രമം നടന്നത്. അക്രമം തുടങ്ങിവെച്ച രണ്ട് പേർ പരസ്പരം നൽകിയ പരാതിയിലാണ് അറസ്റ്റ്.

കൊല്ലം സ്വദേശി ആദർശ് പ്രേംകുമാർ (21), തൃശൂരിലെ മുഹമ്മദ് നസീഫ് (21), കൊല്ലം അഞ്ചലിലെ വിമൽരാജ് (20), കോഴിക്കോട്ടെ സി.മുഹമ്മദ് (20), മലപ്പുറത്തെ ഷഹീദ് (20), എറണാകുളത്തെ കെൻ ജോൺസൺ (19), ഫഹാദ് മനാഫ് (21), അബു താഹിർ (23) എന്നിവരെയാണ് മംഗളൂരു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

ബൽമട്ടയിലെ യേനപ്പോയ കോളജ് വിദ്യാർഥികളാണ് അറസ്റ്റിലായവരെല്ലാം. ഇവരിൽ നാല് പേർ കഞ്ചാവ് ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾസിനാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്ന്‌ കാണിച്ചു നൽകിയ പരാതിയിലാണ് ആദർശ് പ്രേംകുമാർ, മുഹമ്മദ് നസീഫ്, ഫഹാദ് മനാഫ്, അബു താഹിർ എന്നിവരെ അറസ്റ്റു ചെയ്തത്. 

ലേഡീസ് ഹോസ്റ്റൽ പരിസരത്ത് പെൺസുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് ആദർശ് പ്രേംകുമാർ നൽകിയ പരാതിയിലാണ് വിമൽരാജ്, സി മുഹമ്മദ്, ഷഹീദ്, കെൻ ജോൺസൺ എന്നിവരെ അറസ്റ്റു ചെയ്തത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇരു വിഭാഗത്തിലുംപെട്ട വിദ്യാർത്ഥികൾ, നാട്ടുകാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നൽകിയതാണ് നാല്‌ കേസുകൾ. വ്യാഴാഴ്ച രാത്രിയോടെ ജെപ്പു ഗുജ്ജരക്കരെയുള്ള യേനപ്പോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സ് ആൺകുട്ടികളുടെ ഹോസ്റ്റലിനു മുന്നിലാണ് സംഘർഷമുണ്ടായത്.

അറസ്റ്റിലായ നാല് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. അധികൃതരുടെ അനുമതിയില്ലാതെ പൊലീസ് ഹോസ്റ്റലിൽ കയറിയെന്ന ആരോപണം ശരിയല്ല. വാർഡനെ വിവരങ്ങൾ ധരിപ്പിച്ച ശേഷമാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യാൻ അനുമതിയില്ലാതെയും ഹോസ്റ്റലിനകത്ത് കയറാമെന്ന് അദ്ദേഹം പറഞ്ഞു. 

അറസ്റ്റിലായ ആദർശ് പ്രേംകുമാറിനെ നേരത്തേ മൂന്ന്തവണ വിവിധ അക്രമസംഭവങ്ങളിൽപ്പെട്ടതിനെ തുടർന്ന് കോളജിൽ നിന്ന് സസ്പെൻഡ്‌ ചെയ്തിരുന്നതായി കോളജ് പ്രിൻസിപ്പൽ ഡോ. പർവതവർധിനി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com