വാക്സീൻ എടുക്കാത്ത അധ്യാപകർ ആഴ്ച തോറും ആർടിപിസിആർ ടെസ്റ്റ് നടത്തണം; ഇന്ന് ഉത്തരവിറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 08:03 AM  |  

Last Updated: 06th December 2021 08:03 AM  |   A+A-   |  

covid vaccine teachers

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധമാക്കാൻ സർക്കാർ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ഉത്തരവിറക്കും. സ്വന്തം ചെലവിലായിരിക്കണം പരിശോധന നടത്തേണ്ടത്. എല്ലാ ആഴ്ചയും പരിശോധന നടത്തി ഫലം ഹാജരാക്കണം. 

കോവിഡ് പരിശോധന സ്വന്തം ചെലവിൽ

രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സീൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള നിബന്ധനകളും ഉത്തരവിൽ ഉണ്ടാകും. സർക്കാർ നിലപാടുകൾ എല്ലാവർക്കും ബാധകമാണെന്നും ഇതനുസരിക്കാത്തത് അച്ചടക്കലംഘനമായി കാണേണ്ടി വരുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

അധ്യാപകർക്കെതിരെ രക്ഷിതാക്കൾ

അതിനിടെ വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഇവർക്കെതിരെ രം​ഗത്തു വന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണമാണു പ്രധാനമെന്നും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ ദിവസം വാക്സീൻ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ സർക്കാർ പുറത്തുവിട്ടിരുന്നു. വാക്സീൻ എടുക്കാത്ത 1495 അധ്യാപ‍കരും 212 അനധ്യാപകരും സംസ്ഥാനത്ത് ഉണ്ടെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.