യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ 'സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്'; വിവാദം
By സമകാലിക മലയാളം ഡെസ്ക് | Published: 07th December 2021 12:40 PM |
Last Updated: 07th December 2021 12:40 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: വനിതാ എസ്‌ഐ യൂണിഫോമില്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് നിന്ന് കൊടുത്തത് വിവാദമാകുന്നു. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ നടപടിയാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാവുന്നത്. ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് പരിധി ലംഘിക്കരുത് എന്ന് കാണിച്ച് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയ കേരള പൊലീസിനാണ് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ തിരിച്ചടി കിട്ടിയത്.
പൊലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015ല്‍ ഡിജിപിയുടെ ഉത്തരവിറക്കിയിട്ടുണ്ട്. ടി പി സെന്‍കുമാര്‍ ഡിജിപി ആയിരിക്കേയാണ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവിറക്കിയത്. ഇതാണ് വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐ ലംഘിച്ചതെന്നാണ് ആക്ഷേപം.
എസ്‌ഐയുടെ സേവ് ദ ഡേറ്റ് ചിത്രം ഇതിനകം തന്നെ വൈറലായിട്ടുണ്ട്. ഇത് ഡിജിപിയുടെ ഉത്തരവ് ലംഘിക്കുന്നതാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നുമാണ് സേനാംഗങ്ങള്‍ക്കുള്ളിലെ വിമര്‍ശനം.